ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗര്‍, കാരാപ്പുഴ, പ്രിയദര്‍ശിനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടി ഡോ.വി. വേണു നിര്‍ദ്ദേശിച്ചു. വയനാട് ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ പ്രധാന നരഗങ്ങള്‍ വീര്‍പ്പു മുട്ടുന്ന അവസ്ഥയാണെന്നും ബാണാസുരയിലും കാരാപ്പുഴയിലും പ്രിയദര്‍ശിനിയിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് നഗരങ്ങളിലെ തിരക്ക് കുറക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരാപ്പുഴ, പ്രിയദര്‍ശിനി എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. വിനോദ സഞ്ചാര മേഖലയില്‍ ജില്ലയുടെ കുതിപ്പിന് സഹായകരമാകുന്ന വിവിധ പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി.വി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, സൗത്ത് ഡി.എഫ്.ഒ എ. ഷജ്‌ന, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിവേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.