ഭാഗീരഥീ നിമജ്ജനം….
വയൽ നടുവിൽ വടക്കേ വീട്ടിലെ
ഭാഗീരഥി മുത്തശ്ശി മരിച്ചു ….
മക്കളെല്ലാം ദൂരെ ദൂരെ …..
മൊബൈൽ ഫ്രീസറിന്റെ
തണുപ്പേറ്റ്
ഭാഗീരഥി മുത്തശ്ശി
മക്കളെ കാത്തു കിടന്നു….
കോഴി ഫാം മുതലാളിയായ
ഇളയവൻ പറഞ്ഞു :
” അമ്മയ്ക്ക് നെഞ്ചുവേദന
ഉണ്ടായിരുന്നു ” ….
ഉഗാണ്ടയിൽ ഡോക്ടറായ
മൂത്തവൾ പറഞ്ഞു :
” പൊട്ടാ , കാർഡിയാക് അറസ്റ്റ്
എന്ന് പറയണം …
വെറുതെയല്ല നീ
പത്തിൽ തോറ്റ്
കോഴി മുതലാളി ആയത് …. “
രണ്ടാമത്തെയും
മൂന്നാമത്തെയും മക്കൾ
പഴയ സ്വത്തു പങ്കിടൽ
വൈരാഗ്യത്തിന്
പരസ്പരം തുറിച്ചുനോക്കി….
പതിനാറാം ദിവസത്തിൻറെ ചടങ്ങ്
മക്കളുടെ തിരക്കുകാരണം
അഞ്ചാം ദിവസം ഒപ്പിച്ചു തീർത്തു .
തർക്കം പിന്നെയും വന്നു :
ചിതാഭസ്മം എവിടെ ഒഴുക്കണം ?
ഒടുവിൽ പല സ്ഥലങ്ങൾ
എഴുതി നറുക്കിട്ടു .
തിരുനാവായ എന്നെഴുതിയ
തുണ്ടുകിട്ടി .
ഹിന്ദുച്ചെക്കൻ ഓടിക്കുന്ന
ട്രാവലർ ഏർപ്പാടാക്കി
പെണ്ണുങ്ങൾ
കഴുത്തിലെ മാല കാണുന്ന
സെറ്റ് സാരിയും
ആണുങ്ങൾ കസവുമുണ്ടും
വാങ്ങിച്ചു .
ഭസ്മം ഒഴുക്കുന്നതിന്റെ
തലേന്നാൾ ട്രാവലർ പുറപ്പെടുമ്പോൾ
ചായക്കട നടത്തുന്ന
നാരാണേട്ടൻ കാറിത്തുപ്പി :
” ത്ഥൂ …. ജീവിച്ചിരിക്കുമ്പം
വെറും അയ്മ്പത്
കിലോമീറ്റർ ദൂരെയുള്ള
പറശിനിക്കടവിൽ ഒന്ന്
കൊണ്ടുപോയി മുത്തപ്പനെ തൊഴുവിക്കണമെന്ന്
ഭാഗീരഥി ഏടത്തി പറഞ്ഞിട്ട്
നായിൻറെ മക്കൾക്ക്
അതിന് നേരം ഉണ്ടായില്ല .
എന്നിട്ടിപ്പം കത്തിച്ചു ചാമ്പലാക്കി
300 കിലോമീറ്റർ അപ്പുറത്തുള്ള
തിരുനാവായയിൽ
ഒലിപ്പിക്കാൻ
കൊണ്ടുപോകുന്നു “
അപ്പോൾ ട്രാവലർ
ഗ്രാമത്തിലെ ഓട്ടോറിക്ഷക്കാരൻറെ
അണ്ണാക്കിൽ ചെളി തെറിപ്പിച്ച്
തിരുനാവായക്ക്
കുതിക്കുകയായിരുന്നു— ജിത്തു തമ്പുരാൻ Jithu Thampuran