കവിയും ചിത്രകാരനും നാടകകൃത്തും ഗാനരചയിതാവും അധ്യാപകനുമായ മണി രാജഗോപാലിൻ്റെ കവിതാ സമാഹാരമാണ് ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും ‘.
മൂന്നു പതിറ്റാണ്ടുകാലം വയനാട്ടിലെ വെള്ളമുണ്ട എ.യു.പി സ്കൂളിൽ അധ്യാപകനായിരുന്ന മണി മാഷ് തൻ്റെ വിദ്യാർത്ഥികളെ മുന്നിൽ കണ്ടു കൊണ്ട് പല കാലത്തായി എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും.
ചില കവിതകളാകട്ടെ, അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം എഴുതിയവയും. അതിനാൽ ബാലസാഹിത്യത്തിൻ്റെ ഗണത്തിൽ പെടുത്താവുന്നതും അല്ലാത്തതുമായ കവിതകൾ ഈ സമാഹാരത്തിലുണ്ട്.
തത്വചിന്താപരവും സാരോപദേശപരവുമായ കവിതകൾ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം. തൻ്റെ മുമ്പിലിരിക്കുന്ന വിദ്യാർത്ഥികളിൽ ധാർമ്മിക – നൈതിക മൂല്യങ്ങൾ പകർന്നു നൽകുക എന്നത് അത്തരം കാവ്യരചനയ്ക്ക് പിന്നിലെ ചേതോവികാരമായി വർത്തിച്ചിരിക്കണം.
‘അറിയേണ്ടത് അറിയുന്ന മക്കളെക്കാൾ അമൂല്യമായ യാതൊന്നുമില്ല ഭൂമിയിൽ എന്ന തിരുകുറൾ വചനത്തെ ഓർമ്മിപ്പിക്കുംവിധം നന്മയുടെ നറുനിലാവിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന കവിതകൾ..
കുഞ്ഞുങ്ങളുടെ ലോകം നിറവും താളവും നാദവും നിറഞ്ഞതാണ്. കുഞ്ഞുങ്ങളുടെ ഭാവനാലോകത്തേയും ജിജ്ഞാസയേയും കൃത്യമായി അറിയാവുന്നയാൾക്കു മാത്രമേ ഉത്തമ ബാലസാഹിത്യം രചിക്കാനാവൂ. ലോകത്തിലെ ആദ്യത്തെ ബാലസാഹിത്യ കൃതിയായി ഗണിക്കുന്ന കൊമിനീയസ് രചിച്ച ഓർബിസ് പിക്ചസ് ( 1657) എന്ന കൃതി ശ്രദ്ധേയമാവുന്നത് കുട്ടികളുടെ മാനസികനില മനസ്സിലാക്കി രചിച്ച കൃതി എന്ന നിലയ്ക്കാണല്ലോ. കൊമിനീയസ് വിദ്യാഭ്യാസ ചിന്തകനായിരുന്നു. തൻ്റെ മുന്നിലിരിക്കുന്ന കുട്ടികളെ എങ്ങനെ ഫലപ്രദമായി, ശാസ്ത്രീയമായി താൻ പറയുന്ന കാര്യങ്ങൾ ഗ്രഹിപ്പിക്കാം എന്ന ആലോചനയിൽ നിന്നാണ് അദ്ദേഹം ബാലസാഹിത്യ രചനയിൽ ഏർപ്പെട്ടത്. ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും ‘ എന്ന സമാഹാരത്തിലെ മിക്ക കവിതകളും സമാനമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവയാണ്.
അതേ സമയം, സമകാലീനാവസ്ഥ അടയാളപ്പെടുത്തുന്ന ‘ഈ ‘ക്ലാസ് പോലുള്ള കവിതകളും ഈ സമാഹാരത്തിലുണ്ട്.
കുട്ടികളെ സംബോധന ചെയ്യുന്ന മികച്ച രചനകൾ കുറഞ്ഞു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് മണി മാഷിൻ്റെ ഈ ഉദ്യമം എന്തുകൊണ്ടും ശ്ലാഘനീയമാണ്.
പ്രസാധകർ: നീർമാതളം
മാനന്തവാടി