ലോകാരോഗ്യ സംഘടന 2020 മാര്‍ച്ച് 11 ന് ആഗോളതലത്തില്‍ വ്യാപിക്കുന്ന അപകടകാരിയായ പകര്‍ച്ചവ്യാധിയായി കോവിഡ് 19 നെ പ്രഖ്യാപിച്ചിട്ടു ഒരു വർഷത്തിലധികം പിന്നിട്ടു കഴിഞ്ഞു. പലയിടത്തും അടിയന്തിരാവസ്ഥയും കര്‍ഫ്യൂവും ഷട്ട്ഡൗണും ലോക്‌ഡോണും പ്രഖ്യാപിച്ചത് ഇപ്പോഴും തുടരുന്നു. ലോകം മുഴുവന്‍ നിശ്ചലമാകുന്ന അനുഭവമാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഈ മഹാമാരി വിതയ്ക്കുന്ന തകര്‍ച്ചയില്‍ നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. നീണ്ട കാലത്തെ അടച്ചിടലിന് വിധേയമാക്കപ്പെടുന്നു ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നത് ആശങ്ക ജനകമാണ്.
ഈ പ്രതിസന്ധിയെ എങ്ങനെ പരിപൂർണ്ണമായി നേരിടണം എന്ന വ്യക്തമായ ധാരണയിലെത്താൻ നമ്മുക്കിതുവരെ സാധിച്ചിട്ടില്ല. വിവിധങ്ങളായ നിലപാടുകളും സാധ്യതകളും പരീക്ഷിച്ചു അതിജീവന തന്ത്രങ്ങള്‍ മെനയുകയാണ് വിദ്യാഭ്യാസരംഗം. ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, ഓരോ വിദ്യാര്‍ത്ഥിയെയും പഠന പ്രക്രിയയില്‍ ചേര്‍ത്ത് നിര്‍ത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വെല്ലുവിളി നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും വിദ്യാഭ്യാസത്തെ വരിഞ്ഞു മുറുക്കുന്ന കെണികളെയോ പാഠ്യ പരിശീലന പ്രക്രിയയിലെ അപചയങ്ങളെയോ നേരിടാതെ, അവയില്‍ത്തന്നെ തുടരാനുള്ള തത്രപ്പാട് വ്യക്തമാണ്. ഓര്‍മ്മ അളക്കുന്നതിനും മത്സരത്തിനും പ്രാധാന്യം നല്‍കുന്നതും പുസ്തകങ്ങളിലെ ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ അമിത ശ്രദ്ധയും പരീക്ഷാകേന്ദ്രീകൃതമായ പഠനവും തുടര്‍ന്ന് കൊണ്ട് തന്നെയാണ് നൂതന പരീക്ഷണങ്ങളുടെയും മുന്നേറ്റം എന്നത് സാന്ദർഭികമായി ആരോഗ്യകരമായ സ്വയം വിമർശനത്തിന് സൂചിപ്പിക്കുന്നു.
ജീവിതസാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ മനസ്സിലാക്കാനും വ്യാഖ്യാനിച്ചു പരിഹാരം കണ്ടെത്തി പെരുമാറ്റങ്ങളെ നവീകരിക്കാനും ആവശ്യമായ കഴിവ് വിദ്യാഭ്യാസത്തിലൂടെ ഓരോ വ്യക്തിയും ആര്‍ജ്ജിക്കണം. ഇതിനു യോജിച്ച വിദ്യാഭ്യാസ ശീലങ്ങള്‍ വളര്‍ത്തി എടുക്കാന്‍ പ്രതിസന്ധിയുടെ ഇ കാലഘട്ടത്തില്‍ ശ്രദ്ധയോടെ ഇടപെടലുകള്‍ നടത്താൻ നാം തയ്യാറാവേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ കാതലായ കാലഘട്ടം മഹാമാരിയെ നേരിടുന്നതിനിടയില്‍ കടന്ന് പോകാം. ഇതിന്‍റെ പേരില്‍ വരുന്ന ബാധ്യതകള്‍, തലമുറകളുടെയും സമൂഹത്തിന്‍റെയും തളര്‍ച്ചയ്ക്ക് കാരണമാകരുതെന്ന ജാഗ്രതയില്‍, കരുതലോടെ പല നടപടികളും ഗൗരവമായി അധ്യാപകരും ബന്ധപ്പെട്ടവരും എടുക്കുന്നുണ്ട് അതിന് പിന്തുണ നല്കാൻ രക്ഷിതാക്കളും കുറേകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം, ശാരീരിക ക്ഷമത, സംസ്കാരം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
കാരണം കോവിഡ് പശ്ത്തലം നശിപ്പിക്കാൻ സാധ്യതയുള്ള അതീവ ഗൗരവമുള്ള മേഖലയാണിത് . ഓഫ്‌ലൈൻ സാഹചര്യത്തിലെ അത് പെർഫെക്റ്റ് ആക്കാൻ നമുക്ക് സാധിക്കുകയുള്ളു. പരിമിധിയിൽ നിന്ന് ചിലത് ശ്രദ്ധിക്കാൻ നമുക്ക് കഴിയണം.
വിവര സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കിടയില്‍ വളരുന്ന അവസരങ്ങളും അന്തരവും അതിലൂടെ പുറത്ത് വരുന്ന അനീതിയും, വ്യക്തികളുടെ കഴിവ്, വളര്‍ച്ച, സാധ്യതകള്‍, ഉത്പാദനക്ഷമത, ബഹുമാനം എന്നിവയെ ഗൗരവമായി ബാധിക്കുന്നുണ്ടെന്ന് സമീപകാല പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ഇവ വ്യക്തികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അന്തരം, സാമ്പത്തിക മേഖലയില്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധികളായി വളരാനുള്ള സാധ്യതകളും റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. ഈ അനീതിയെയും അതിനാല്‍ രൂപപ്പെടുന്ന കഴിവുകളിലെ അന്തരത്തെയും ശ്രദ്ധിക്കാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നാമോരോരുത്തരും ശ്രദ്ധിക്കണം.
അമേരിക്കയിലെ ആകെ ജനസംഖ്യയോളം വരുന്ന ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ഇതില്‍പ്പെടുന്ന കേരളത്തിലെ നാല്പത്തഞ്ചു ലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികളും ലോകത്തിന്‍റെ ഭാവിയാണ്. മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ഇവരെ ഒരുക്കുന്നതിലും വിദ്യ നല്‍കുന്നതിലും, ആലോചനാ ശീലമുള്ളവരാക്കി വളര്‍ത്തുന്നതിലും വരുംനാളിലെ അതിജീവനത്തിനും നേതൃത്വത്തിനും വേണ്ട കഴിവുകളില്‍ ഇവരെ വളര്‍ത്തുന്നതിലും നമ്മുടെ സര്‍ക്കാരുകള്‍ നന്നായി ശ്രദിക്കുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. അത്തരം പ്രവർത്തനങ്ങക്ക് നമ്മുടെ നിരുപാധിക പിന്തുണ കൂടി അത്യാദപേക്ഷിതമാണ്.
വ്യത്യസ്തങ്ങളായ കടമ്പകള്‍ നിറഞ്ഞ നിലവിലെ വിദ്യാഭ്യാസ മേഖലയില്‍, സാങ്കേതിക സഹായം, ഇന്‍റര്‍നെറ്റ്, മാതാപിതാക്കളുടെ സഹകരണത്തിനുള്ള മാര്‍ഗ്ഗരേഖ, വീട്ടിലിരുന്ന് പഠിക്കുന്നതിന്‍റെ ക്രമീകരണങ്ങള്‍, പരീക്ഷാരീതി, ശാരീരിക ക്ഷമത തുടങ്ങി ഏറെ മേഖലകള്‍ പരിഗണിച്ച് പഠിച്ച് അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാൻ നാമോരുത്തരും പ്രയോഗിക അനുഭവത്തിൽ നിന്നും സന്നധരാവണം. ഇപ്പോഴത്തെ പ്രതിസന്ധികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തി ഗൗരവമായ ഇടപെടലുകള്‍ നടത്തുന്ന ഗവണ്‍മെന്‍റിന് അത് സഹായകമാവും.
ഓണ്‍ലൈന്‍ പഠിപ്പിക്കല്‍, ഗ്രൂപ്പ് ചാറ്റ്, സ്ക്കൂളിന്‍റെ പ്രവര്‍ത്തനരീതി, ഘടന, പഠനോപകരണങ്ങള്‍, പരീക്ഷാരീതി എന്നിവയിലെല്ലാം ഏറെ പരീക്ഷണങ്ങളും കാതലായ മാറ്റങ്ങളും ഇതിനകം വന്നു കഴിഞ്ഞു. പുതിയ സാഹചര്യത്തോട് ഇടപഴകി ഒരു നൂതനവിദ്യാഭ്യാസ സംസ്കാരം ഇവിടെ ഉടലെടുതുവരുന്നു. ഇവിടെ ശാസ്ത്രീയമായ അപഗ്രഥനവും ഗൗരവമായ പഠനങ്ങളും ഇനിയും നടക്കണം. മാറ്റങ്ങളെ താമസിപ്പിച്ചിട്ടോ തടഞ്ഞിട്ടോ കാര്യമില്ല. പകരം, ഭംഗിയായി ക്രമീകരിച്ച് മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. പുതിയ കാലഘട്ടത്തിലെ അതിജീവനത്തിനുള്ള കഴിവുകള്‍ പരിശീലിക്കപ്പെടുവാൻ നാം സ്വയം തയ്യാറാവണം. വൈദഗ്ധ്യം നേടാന്‍ വരുംതലമുറയെയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും തയ്യാറാക്കണം. ഈ മേഖലകളില്‍ ഗവണ്മെന്‍റിന്‍റെ നേതൃത്വം സജീവമാകുന്നതോടൊപ്പം നമ്മൾ പൊതുജനങ്ങളും ഉയർന്നു പ്രവർത്തിക്കണം.
വീട് ഒരുക്കുന്ന സാഹചര്യങ്ങളില്‍ വിലയേറിയ പഠനസാധ്യതകള്‍ ഉണ്ടെന്ന് നാമിന്ന് തിരിച്ചറിയുന്നു. അടുക്കളയിലും തൊടിയിലും ചെടികള്‍ക്കിടയിലും, ഭക്ഷണ മേശയിലും വര്‍ത്തമാനത്തിലും എല്ലാം പഠനോപാധികളും പഠനക്രമങ്ങളും ഉണ്ടെന്ന് നാം ഇന്ന് അനുഭവിച്ചറിയുന്നു.
ഇതൊരു വലിയ നേട്ടമാണ്.
പഠനത്തിന്‍റെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനത്തിനും സ്പെഷ്യൽ കോച്ചിങ്ങിലൂടെയേ പഠിക്കാനാകൂ എന്ന അപകട ധാരണയില്‍ നിന്നുള്ള വിടുതലിനും തിരിനാളം ഉയര്‍ന്നിരിക്കുന്നു. വിഷുക്കണി പോലെ ഏറെ സാധ്യതകളുടെ പുതുപുലരി നമുക്ക് കാണാന്‍ കഴിയും. ജോലിയും പണവും മാത്രം ശ്രദ്ധിച്ച് മത്സരത്തിന്‍റെ വഴിയിലൂടെ വിദ്യാഭ്യാസത്തെ സമീപിക്കുന്ന നിലയില്‍നിന്ന്, സഹകരണത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും സമഗ്രവളര്‍ച്ചയുടെയും സാധ്യതകള്‍ തുറക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ശരിയായ ലക്ഷ്യങ്ങളും രീതികളും പരിശീലനങ്ങളും ഉറപ്പിക്കാന്‍ പറ്റിയ സമയമാണിത്. കാര്യങ്ങളെ പോസിറ്റീവ് ആയി കാണാൻ നമുക്ക് സാധിക്കണം.
അവ്യക്തതയുടെ ഈ കാലഘട്ടത്തില്‍ സ്വാഭാവികമായി രൂപംകൊണ്ട് പഠിപ്പിക്കലും പഠനത്തിന്‍റെ രീതികളും മാറ്റത്തിന് കാഹളം മുഴക്കുന്നു. നാളെയുടെ ശീലങ്ങളായി ഇവ മാറും, സ്വന്തം കാലില്‍നിന്ന് പഠിക്കുന്നതിനും ഗൃഹാന്തരീക്ഷത്തിന്‍റെ നന്മയില്‍ വളരുന്നതിനും കാലവും പ്രകൃതിയും കുട്ടികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇതിന്‍റെ നന്മകളില്‍ പ്രാവീണ്യം നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം.
അതിഗൗരവമായ പ്രതിസന്ധികള്‍ ഇതിന് മുമ്പും മനുഷ്യ കുലത്തെ ബാധിച്ചിട്ടുണ്ട്. ബ്ലാക്ക് ഡെത്ത്, സ്പാനിഷ് ഫ്ളൂ, ലോക മഹായുദ്ധങ്ങള്‍, സ്വാതന്ത്ര്യ സമരങ്ങളുടെ കാലഘട്ടം തുടങ്ങി പ്രകൃതിക്ഷോഭങ്ങളും മനുഷ്യകുലത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓരോ സാഹചര്യത്തിലും ഉയര്‍ത്തെഴുന്നേല്‍പ്പിനും ശാക്തീകരണത്തിനും വഴിതെളിഞ്ഞത് ഭരണ ക്രമീകരണത്തിലൂടെയും വിദ്യാഭ്യാസ നവീകരണത്തിലൂടെയും ആണെന്നുള്ളത് നാം മറന്നുപോകരുത്.
വ്യാവസായിക വിപ്ലവം കൊണ്ടുവന്ന സാമൂഹിക അരാജകത്വവും ഉച്ചനീചത്വവും വളരെനാള്‍ നീണ്ടുനിന്നു. തൊഴിലാളികള്‍ അടിമകളെപ്പോലെ ആയി. കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോണ്ടിസോറിയുടെ പാഠ്യപദ്ധതി രൂപപ്പെട്ടത്. പ്രതിസന്ധികള്‍ തരുന്ന വേദനകള്‍ക്കിടയില്‍ നിന്നുതന്നെയാണ് വിദ്യാഭ്യാസ വിപ്ലവവും പഠിപ്പിക്കലിന്‍റെയും പഠനത്തിന്‍റെയും നൂതന ശൈലികളും വളര്‍ന്നുവരേണ്ടത്. സ്വാഭാവികമായി ഉടലെടുക്കുന്ന ഈ വഴികള്‍ക്ക് ശരിയോട് കൂടുതല്‍ അടുപ്പമുണ്ട്.
കാര്യങ്ങളെ വിലയിരുത്താനും, ക്രിയാത്മക നിലപാടുകളില്‍ എത്താനും പ്രായോഗിക ജീവിതരീതിയിലൂടെ മറുപടി നല്‍കുവാനുള്ള വിദ്യാഭ്യാസമാണ് നമുക്ക് ആവശ്യം.അതിന് ഉപയുക്തമായ ശൈലി നമ്മൾ രൂപ്പപ്പെടുത്തണം.
മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ബഹുമാനത്തിന്‍റെയും, സഹകരണത്തിന്‍റെയും മൂല്യം നാം തിരിച്ചറിഞ്ഞു. പൂക്കളുടെയും ചെടികളുടെയും പ്രകൃതിയുടെയും മാഹാത്മ്യം തിരിച്ചറിഞ്ഞു. ഇതുപോലെ ഭവനത്തില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഈ ഇടവേള ഒരുക്കുന്ന പഠനശീലങ്ങളും ആലോചന ശക്തിയും വിദ്യാഭ്യാസത്തിന്‍റെ മൂല്യം തിരിച്ചറിയാന്‍ മനുഷ്യന് വഴി തുറക്കട്ടെ.
വിപത്തുകള്‍ വിതയ്ക്കപ്പെട്ട ഈ കാലഘട്ടത്തില്‍, വീട്ടിലിരിക്കുന്നവരുടെ ഇടപെടലിലൂടെ രൂപപ്പെടുന്ന നവീന വിദ്യാഭ്യാസ ശീലങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്കും പ്രക്രിയകള്‍ക്കും നവീകരണം നല്‍കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി നവീകരണത്തെ നിലനിര്‍ത്തുന്നതിനാവശ്യമായ ഒരുക്കവും പരിശീലനവും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കാം. ഗൃഹാന്തരീക്ഷത്തില്‍ നിന്നുയരുന്ന ശീലങ്ങള്‍ വിദ്യാഭ്യാസത്തെ ഗുണകരമായ പരിവര്‍ത്തനത്തിലേക്ക് നയിക്കും.
വീടുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന അവസരവുമായാണ് കൊറോണ കടന്നുവന്നിരിക്കുന്നത്. കുട്ടികളുടെ പഠനരീതികളിലെ ആശയങ്ങള്‍ വ്യാഖ്യാനിച്ച് ജീവിത സാഹചര്യങ്ങളോട് ബന്ധിപ്പിക്കുന്നതിനു മാതാപിതാക്കള്‍ മിക്കവാറും തുനിയാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ വീട്ടിലുള്ള ഈ വെല്ലുവിളികളെ നേരിടേണ്ടത് അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു. ട്യൂഷനില്ല, ടീച്ചറിന്‍റെ സഹായം കിട്ടുന്നതും തുച്ഛമായ സമയങ്ങളില്‍, അതിനാല്‍, പഠിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭമാണിത്. ഇവിടെ നിന്നു കൊണ്ട് വീട്ടില്‍ വളര്‍ത്തിയെടുക്കാവുന്ന പഠന രീതികളും അവയുടെ സാധ്യതകളും ചിന്തിക്കണം. പഠനത്തിനു വേണ്ട സാഹചര്യം, പഠനത്തിന്‍റെ ക്രമീകരണം, പഠിക്കുന്ന ആശയങ്ങള്‍ സംവദിക്കുന്ന ബന്ധങ്ങള്‍, കൃഷി, ചര്‍ച്ചകള്‍, അടുക്കള, ശുചിത്വം തുടങ്ങിയ മേഖലകളില്‍ പഠനത്തെ നയിക്കാനും ഫലപ്രദമായ പഠനാനുഭവം ഒരുക്കാനും വീട്ടിലുള്ളവര്‍ക്ക് സാധിക്കും.
കുട്ടികളുടെ വ്യക്തിത്വത്തെ വളര്‍ത്തി എടുക്കാവുന്ന പരിശീലനങ്ങള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സമയമാണിത്. ചിന്താശക്തി, വിനിമയത്തിലെ കഴിവുകള്‍, താല്പര്യമുള്ള മേഖലയിലെ നിരന്തര പരിശീലനം, പ്രായോഗിക പരിശീലനം, പ്രകൃതിയോട് ചേര്‍ന്നുള്ള പഠന രീതികള്‍ തുടങ്ങി ഏറെ നന്മകള്‍ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കാവുന്ന സാഹചര്യം വീടിന്‍റെ ചുറ്റുപാടുകളിലുണ്ട്. കുട്ടികള്‍, സമൂഹം, വീട്, പ്രകൃതി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ക്ലൂസിവ് ജീവിതശൈലിയിലൂടെ പഠനം ഫലപ്രദമായി, വേഗതയില്‍ പുരോഗമിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണ് വീടും ചുറ്റുപാടും.
വീട്ടുതടങ്കല്‍ അനുഭവം നാശത്തിന്‍റെയും അവസാനത്തിന്‍റെയും അടയാളമല്ല. സ്വയം വിലയിരുത്തലിന്‍റെയും നവീകരണത്തിന്‍റെയും സമയമാണ്. വീടിന്‍റെ സാധ്യതകളില്‍ പഠന നിലവാരം ഉയര്‍ത്തുന്ന വഴികളാണ് അന്വേഷിക്കേണ്ടത്.
നിലനില്‍പ്പിന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൂടെ പഠന അനുഭവത്തെ പ്രാപിക്കുവാനുള്ള കാലഘട്ടമാണിത്. ദാരിദ്ര്യം, സാമൂഹ്യ സുരക്ഷ, ജീവന്‍, ഭക്ഷണശീലങ്ങള്‍, മുതിര്‍ന്നവരോടുള്ള ആദരവ്, പ്രകൃതി, കൃഷി, കഴിവുകള്‍, ശുചിത്വം, നിലനില്‍പ്പിന്‍റെ വെല്ലുവിളികള്‍, ഭവനം എന്നിവയിലൂടെ വിഷയങ്ങളെയും പഠന അനുഭവത്തെയും ആസ്വാദ്യമാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനനിരതമായ സാഹചര്യമാണിത്.
ഇത് നമുക്ക് ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താം.