കോവിഡ് പ്രതിസന്ധിയിൽ പ്രാണവായു വിതരണം ചെയ്ത് കരുത്തു പകരുകയാണ് ഒഡീഷ. വെറും 24 ദിവസം കൊണ്ട് 13 സംസ്ഥാനങ്ങൾക്കാണ് ഒഡീഷയുടെ സഹായമെത്തിയത്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്‌സിജനാണ് ഒഡീഷ എത്തിച്ചുനൽകിയത്.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, കർണാടക, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒഡീഷ ഓക്സിജൻ എത്തിച്ചത്. കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി.6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ലോഡുകൾ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. റവന്യു–റെയിൽവേ ഉദ്യോഗസ്ഥർ വല്ലാർപാടത്ത് എത്തിയിട്ടുണ്ട്.