കടല്‍ കടന്നോന്റെ
നെഞ്ചിലൊരു
പൂത്തിരി കത്തും
നൊമ്പരങ്ങളുടെ
ഏഴിൽ കൂടുതൽ
നിറങ്ങളുണ്ടാവുമതിന്
ആരൊക്കെയോ കരഞ്ഞും
കണ്ണീരൊഴുക്കിയും പോയ
വഴികളിൽ ഉടക്കി നിന്നുപോയ
ഉപ്പുകാറ്റിന്റെ നിറമാവും
മുഴച്ചു നിൽക്കുന്നത് ..!!
സർവീസ് ബാങ്കിൽ വെച്ച
ആധാരത്തിന്റെ
മണ്ണ് കലർന്ന കടലാസ്സു നിറം
തൊട്ടു താഴെയുണ്ട് ..!!
പീയെമ്മെസ്സിന്റെ കടയിലെ
പറ്റ്ബുക്കിലെ
നടുക്കത്തെ താളിൽ
തിളങ്ങി കിടക്കുന്ന
സ്റ്റാപ്ലറിന്റെ സ്റ്റീല്‍ നിറം
അതിന് താഴെ ..
പിറപ്പിന്റെയോ
കൂടെപ്പിറപ്പിന്റെയോ
കല്യാണത്തിന്
മഹല്ല് കമ്മറ്റിക്കാർ
പൊളിച്ചെടുത്തെഴുതിയ
പൈസ കവറിന്റെ
കാവി നിറം മേലെയോ
താഴെയോ അനങ്ങാതെ
നടുവിൽ നിൽക്കും ..!
ഉപ്പാപ്പയുടെ ഷുഗറിന്റെ
ഇൻസുലിൻ ഇഞ്ചക്ഷന്റെ
മൂടിയുടെ ചോന്ന കളറിനെക്കാൾ
ഉമ്മാമയുടെ പ്രഷറിന്റെ ഗുളികയുടെ
ഓറഞ്ചും വെള്ളയും
തെളിഞ്ഞു കാണും..!
കടല്‍ കടന്നോന്റെ
നെഞ്ചിന്റെ
അറകളിലെല്ലാം ഇതുപോലെ
ഒരുപാട് നിറങ്ങളുണ്ട് ..
അപൂർവ്വം നിമിഷങ്ങളിൽ
ഓടിവന്നു മാഞ്ഞു പോകുന്ന
പ്രണയത്തിന്റെ മധുരപ്പൊട്ടു
നാരങ്ങാ മിട്ടായിയുടെ
ഓറഞ്ചു നിറം ..!!
ഇതൊന്നും നിറമല്ല
മുറിവായിരുന്നെന്നു
കുരച്ചും കിതച്ചും
ആശുപത്രിക്കുന്നു കയറുമ്പോ
പോസ്റ്റോഫീസിനടുത്തു നിന്ന്
ഒരു കത്തു പെട്ടിയുടെ
കടുംചോപ്പ് ഒപ്പിട്ടു തരും !!
പീയെസ് വെള്ളമുണ്ട