ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്

Education & Career

ബംഗളൂരു: രാജ്യത്തെ മുന്‍നിര മത്സരപ്പരീക്ഷാ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്. നൂറു കോടി ഡോളറിനാണ് (ഏകദേശം 7400 കോടി ഇന്ത്യന്‍ രൂപ) ഏറ്റെടുക്കലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എഡ്-ടെക്‌ മേഖലയില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

ഇന്ത്യയിലുടനീളം ആകാശിന് കീഴില്‍ ഇരുനൂറിലേറെ സ്ഥാപനങ്ങളാണ് ഉള്ളത്. 1988ല്‍ സ്ഥാപിതമായ സ്ഥാപനത്തിന് കീഴില്‍ രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 2019ല്‍ തങ്ങളുടെ 37.9 ശതമാനം ഓഹരികള്‍ ആകാശ് യുഎസ് നിക്ഷേപ കമ്പനിയായ ബ്ലാക്‌സ്റ്റോണിന് വിറ്റിരുന്നു. ബൈജൂസിന്റെ വരവോടെ ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് സമ്പൂര്‍ണമായി പിന്‍വാങ്ങും.

രണ്ടു മൂന്നു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. നേരത്തെ മുംബൈ ആസ്ഥാനമായ വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏകദേശം രണ്ടായിരം കോടി രൂപ മുടക്കി ഓഗസ്റ്റില്‍ ബൈസൂജ് സ്വന്തമാക്കിയിരുന്നു.12 ബില്യണ്‍ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥനമായ ബൈജൂസിന്റെ ആസ്തി. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചാന്‍ സര്‍ക്കര്‍ബര്‍ ഇനീഷ്യേറ്റീവ്, യുഎസ് ആസ്ഥാനമായ ട്യൂട്ടര്‍ വിസ്റ്റ, എജുറൈറ്റ് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ബൈജൂസില്‍ നിക്ഷേപിച്ചിരുന്നു.

2011ലാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ ലക്ഷ്യമിട്ട് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് സ്ഥാപിച്ചത്. കോവിഡ് മഹാമാരിയില്‍ ഓഫ്‌ലൈന്‍ ട്യൂഷന്‍ കേന്ദ്രങ്ങള്‍ അടച്ചിട്ടതോടെ ബൈജൂസ് അഭൂതപൂര്‍വ്വമായ വളര്‍ച്ച നേരിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *