ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു

Gulf International

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന പറഞ്ഞു. ‘എന്റെ സഹോദരി ഒരു തീവ്രവാദിയല്ല, അവള്‍ ഒരു ആക്ടിവിസ്റ്റാണ്. രാജ്യവും സൗദി രാജ്യവും അഭിമാനപൂര്‍വ്വം സംസാരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നത് കാപട്യമാണ്,’ ലിന പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി 2013 മുതല്‍ പരസ്യമായി പ്രചാരണം നടത്തിയാണ് ഹത്‌ലൂള്‍ ശ്രദ്ധിക്കപ്പെട്ടത്. സൗദി രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കല്‍, പുരുഷ രക്ഷാകര്‍തൃത്വം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുക, യുഎന്‍ ജോലിക്ക് അപേക്ഷിക്കാന്‍ ശ്രമിക്കല്‍, അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളുമായും സൗദി പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തുന്നു എന്നീ കുറ്റങ്ങളാണ് സൗദി ലൂജൈന്‍ അല്‍ ഹത്‌ലൂളിന് എതിരെ ചുമത്തിയത്. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വിദേശ നയതന്ത്രജ്ഞരോടും അന്താരാഷ്ട്ര മാധ്യമങ്ങളോടും സംസാരിച്ചതിനും ഹത്‌ലൂളിനെതിരെ കേസെടുത്തിരുന്നു,ഹത്‌ലൂളിനെ തടവില്‍ വച്ച് വൈദ്യുതാഘാതം, വാട്ടര്‍ബോര്‍ഡിംഗ്, ചാട്ടവാറടി, ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെടെയുള്ള ദുരുപയോഗത്തിന് വിധേയരാക്കിയതായി മനുഷ്യാവകാശ ഗ്രൂപ്പുകളും കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *