21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്

Kerala Malappuram

മലപ്പുറം: ഡിസിസി ജനറല്‍ സെക്രട്ടറിയും വണ്ടൂര്‍ പഞ്ചായത്ത് മുടപ്പിലാശ്ശേരി വാര്‍ഡ് അംഗവുമായ വാണിയമ്പലം സി.കെ.മുബാറക് (61) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം. തിരഞ്ഞെടുപ്പിനിടെ ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കോവിഡ് പോസിറ്റീവും ആയി. കോവിഡ് നെഗറ്റീവായെങ്കിലും തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയില്‍ തുടരുകയായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ഞ്ചിച്ചതിനെതുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ 21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഒറ്റ സീറ്റിന്റെ മാത്രം മുന്‍തൂക്കമാണ് യുഡിഫിന് പഞ്ചായത്തിലുള്ളത്. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 ഉം എല്‍.ഡി.എഫിന് 11നും സീറ്റുകളാണുള്ളത്.
സി.കെ. മുബാറക്ക് വണ്ടൂര്‍ സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കമ്മിറ്റി പ്രസിഡന്റും നിലമ്പൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്ടറുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കബറടക്കം നടത്തി. ഭാര്യ: അനീസ (വാണിയമ്പലം വനിതാ സഹകരണ സംഘം പ്രസിഡന്റ്). മക്കള്‍: ഡോ. ജിനു മുബാറക് (മുക്കം കെഎംസിടി ആശുപത്രി), മനു മുബാറക് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം), മിനു മുബാറക്. മരുമക്കള്‍: ഷേബ, ഫരീഹ, അദീബ് ജലീല്‍ (കരുനാഗപ്പള്ളി)

Leave a Reply

Your email address will not be published. Required fields are marked *