ബിനീഷ് കോടിയേരിയെ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നത

Movies

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താരസംഘടനയായ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തില്‍ ഭിന്നത. രണ്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ താരസംഘടനയുടെ നിര്‍ണായക സ്ഥാനത്ത് ഉള്ളതിനാലാണ് ബിനീഷ് കോടിയേരിക്കെതിരായ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങളുടെ അഭിപ്രായം.

പ്രസിഡന്റ് മോഹന്‍ലാലിന് സൗകര്യമുള്ള ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഉടന്‍ എക്‌സിക്യുട്ടീവ് ചേരുമെന്നും കഴിഞ്ഞ ദിവസം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഉടനടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നാണ് എക്‌സിക്യുട്ടീവിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

സിപിഐഎം എം.എല്‍.എ മുകേഷ് അമ്മ വൈസ് പ്രസിഡന്റാണ്, കേരളാ കോണ്‍ഗ്രസ് ബി നേതാവും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറാണ് മറ്റൊരു വൈസ് പ്രസിഡന്റ്. ബിനീഷ് കോടിയേരിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതോ, സസ്‌പെന്‍ഡ് ചെയ്യുന്നതോ ആയ നടപടിക്ക് തിടുക്കം കാട്ടേണ്ടെന്നാണ് ഇവരുടെ നിലപാടെന്ന് ഒരു വിഭാഗം പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ ആദ്യം പുറത്താക്കിയും പിന്നീട് തിരിച്ചെടുത്തതും സമ്മര്‍ദ്ദത്തിനൊടുവില്‍ പുറത്താക്കിയതുമെല്ലാം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു.

മയക്കുമരുന്ന് കേസില്‍ മലയാള സിനിമയിലേക്ക് അടക്കം അന്വേഷണം എത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെ വേഗത്തില്‍ നടപടി വേണമെന്നാണ് നേതൃത്വത്തില്‍ ഒരു വിഭാഗം വ്യക്തമാക്കുന്നത്. ഉടന്‍ എക്‌സിക്യുട്ടീവ് ചേരണമെന്നാണ് ട്രഷറര്‍ ജഗദീഷ്, സെക്രട്ടറി സിദ്ദീഖ് തുടങ്ങിയവരുടെ നിലപാട്.

ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിനി ടോം,ജയസൂര്യ, ആസിഫലി, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍, ബാബുരാജ് എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

2009 മുതല്‍ അമ്മയുടെ ആജീവനാന്ത മെംബര്‍ഷിപ്പ് ഉള്ള അംഗമാണ് ബിനീഷ് കോടിയേരി. അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ബിനീഷ് കോടിയേരി അംഗമായിരുന്നു.

ദിലീപിനെ അമ്മ എക്‌സിക്യുട്ടീവ് അന്നത്തെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ അടിയന്തര യോഗം ചേര്‍ന്ന് പുറത്താക്കിയ നടപടി പിന്നീട് ജനറല്‍ ബോഡി റദ്ദാക്കിയിരുന്നു. സംഘടനാ നിയമാവലി പ്രകാരം എക്‌സിക്യുട്ടീവിന് പുറത്താക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കിയ തീരുമാനം അന്ന് റദ്ദാക്കിയത്. ദിലീപ് വിഷയത്തിലെ വിവാദത്തിന് പിന്നാലെ അമ്മയുടെ നിയമാവലി ഭേദഗതി ചെയ്തിരുന്നു. നിലവില്‍ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനാകുമെന്നാണ് നേതൃത്വത്തിലുള്ളവര്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *