ഏറുമാടം…
കൃഷിക്കാരനൊരുവൻ
മഴ കാത്തു നിന്നു
മഴ പെയ്തതിൻ പുറകെ
കൈകോട്ടും തോളിലേറ്റി
പാടത്തേക്ക് നടന്നു…
കൊത്തിയും കിളച്ചും
പാടത്തിൻ്റെ അരികുകൾ
ഭംഗിയാക്കി, കഞ്ഞിയും
കപ്പയും വിയർപ്പു കണങ്ങളായി മണ്ണിലേക്കൂർന്നു വീണു…
വെള്ളം കെട്ടിക്കിടന്ന മണ്ണിനെ
ചവിട്ടി മെരുക്കി,യവനും
നുകം കെട്ടിയ ആരാൻ്റെകാളകളും
സ്വപ്നം വിതച്ച പാടങ്ങളിൽ
ഞാറുനട്ടു, കതിരായി…
പകലുകളിൽ കാക്കകൾ
കൊറ്റികൾ, മറ്റുപക്ഷികൾ
ദുഃസ്വപ്നത്തിന് ചിറകുവിരിച്ചു പറന്നു നടന്നു, പന്നിയും പെരുച്ചാഴിയും, സായന്തനങ്ങളും, സന്ധ്യകളും കാർന്നുതിന്നു…
ഇരുട്ടിൻ്റെ മറവിൽ
കൊമ്പൻ്റെ അലർച്ചയിൽ
കതിരുകൾ വിറച്ചു,
കനത്തകാലടികളിൽപെട്ട്പ്രായപൂർത്തിയാവാത്ത
നെൽമണികൾ അലറിക്കരഞ്ഞു….
പ്രാണസഖിയും,
പ്രാണനായ മക്കളേയും കാണാതെ രാവും പകലും ഏറുമാടത്തിൽ കാവലിലിരുന്നിട്ടും
സ്വപ്നങ്ങൾ തകർന്ന യവൻ,തലതല്ലിക്കരഞ്ഞു
താലി വിറ്റ കാശും പോയ ദു:ഖത്തിൽ
ഒരു മുഴം കയറിൽ തൂങ്ങിയാടി….
റഷീദ് തൃശ്ശിലേരി