‘എല്ലുകള്‍പ്പോലും ദ്രവിപ്പിച്ചു, മണ്ണോടു മണ്ണാക്കിയില്ലായ്മ ചെയ്തു’

Poems

ഇരുളിൻ നിശ്ശബ്ദ വേദനകള്‍ മറന്നു
പ്രകാശത്തിന്‍ നിറവി പിറവിയെടുക്കുന്ന ലോകമേ
ഒരു നേര്‍ത്ത പുഞ്ചിരിയാണു നിന്‍ ചൊടിയിലു-
മിതളിട്ടു പുൽതുമ്പിൽ വിരിയുന്ന പൂവിലും

ഒരു കണിക്കൊന്നതന്‍ കിങ്ങിണിപ്പൂക്കള്‍ പോൽ
മൃദുലതയാര്‍ന്നു നീയൊരുങ്ങി നിന്നീടവെ
തരളമാം പൂങ്കവിള്‍ തൊട്ടു ചോദിക്കട്ടെ
എവിടെ ഞാനിത്ര നാള്‍ നിന്നെയറിയാതെ

ഓര്‍മ്മതന്നപ്പുറത്തോര്‍മ്മ പോൽ ശൈശവം
ഓര്‍മ്മതന്‍ ശൈശവമായി ബാല്ല്യ കൗതുകം
കൗമാര സ്വപ്നങ്ങള്‍ സ്വപ്നലോകത്തുണര്‍-
ന്നുന്മാദമായി തികഞ്ഞിനി യൗവ്വനം

വിണ്ണിലേയ്ക്കല്ല ഞാന്‍ കൈതൊടും നിന്നിലെ
മണ്ണിൻ മധുരാനുഭൂതി സ്വര്‍ഗ്ഗങ്ങളിൽ
ഒന്നിച്ചു നമ്മള്‍, പകര്‍ന്ന പരാഗങ്ങ-
ളെന്നിൽ നീ, നിന്നിൽ ഞാനായി തികയവെ

എല്ലാം കഴിയുമീ സന്ധ്യവരേക്കുമേ
നിന്നിൽ ഞാനുണ്ടായിരിക്കുകയെങ്കിലും
ഒന്നുമില്ലാതാകാനെങ്ങനെ, നിന്നിൽ ഞാനായി പുലര്‍ച്ച തൊ-
ട്ടിന്നേരവും നമ്മൊളൊന്നായിരിക്കുകിൽ

ഒന്നുമറിയേണ്ടെനിക്കിനി, നീയില്ലാതെ
എങ്ങിനെ ഞാന്‍ നിന്നിലുണ്ടാകുമൊറ്റക്കായ്
എങ്ങനെ എന്നെ പിരിഞ്ഞു നീ വിണ്ണിന്‍റെ
ചെന്തീയിൽ വാടിക്കരിയാതെ നിന്നിടും

ഒറ്റയായ് പോയ നിന്‍ ദുഃഖവും ശൂന്യതയിൽ
ചുറ്റിത്തിരിയും വിധിയും
ഒക്കെയും പങ്കിട്ടെടുത്തു നിന്‍ സുസ്ഥിതിക്കായി
ഞാനൊറ്റക്കു നിന്നേ പൊരുതും

ഇന്നീ, ഞാന്‍ നാളെ നിന്‍ കൂടെയില്ലെങ്കിലും
ഇന്നു പുലര്‍ന്ന വെളിച്ചത്തെ സാക്ഷിയായ്
എന്നേയ്ക്കും നിന്നെയെന്‍ പ്രാണനായ്, സന്ധ്യ
കുങ്കുമമായ് നിന്‍ നിടിലത്തിൽ വെയ്ക്കവേ

ലോകമേ നീ മാത്രമെന്നെയറിയുന്നു
ഞാന്‍ നിന്നിൽ മണ്ണായ് ദ്രവിച്ച സത്യവും
ഈ അതിരില്ലാത്ത ആകാശദൂരമെന്‍
പ്രേമത്തെയെത്ര പുകഴ്ത്തി പറഞ്ഞാലും

ഞാനില്ലാതായതിന്‍ ദുഖത്തിൽ , നീയെന്‍റെ
പ്രേമ സ്മൃതികള്‍ പുണര്‍ന്നു മയങ്ങവെ
ആരീ വിരഹത്തിന്‍ തീവ്രതയിത്രമേ
ക്രൂരമാണെന്നു നിന്നോളമറിയുന്നു

ആര്‍ക്കും തടുക്കുവാന്‍ വയ്യ, വിധിയേതു
പ്രാണപ്രിയനെ കുരുതിയ്ക്കെടുക്കിലും
ഈ പ്രേമ രാജ്യത്തെ ലോക കുമാരി തന്‍
കാമുകനായൊരു ധീര യോധാവിനെ

ആരോ വെറും മണ്ണിൽ മൂടി, അവരുടെ
മോഹങ്ങള്‍ നിര്‍ഭയം ചവിട്ടിയരച്ചതിൽ
വേദനിക്കുന്ന യുഗങ്ങള്‍ പിറന്നപ്പോള്‍
നീ, വിധി-യെന്തേ മുഖം താഴ്ത്തി നില്ക്കുന്നുٹ

ലോകത്തെയിത്രമേ പ്രേമിച്ചൊരീ, യുവ
നായകന്‍ വിധിയെപ്പഴിച്ചില്ലയിന്നോളം
നീയോ വെറും വിധി, ഞാന്‍ നിത്യ പ്രേമത്തി-
നാകാശത്തോളമനശ്വര സത്യവും

കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പുഴുക്കളായ്
വന്നു നീ തിന്നു തീര്‍ത്തെന്നെ
എല്ലുകള്‍പ്പോലും ദ്രവിപ്പിച്ചു, മണ്ണോടു
മണ്ണാക്കിയില്ലായ്മ ചെയ്തു

എന്നാലിന്നേതു വിധിയ്ക്കു തൊടാനാകൂ-
മെന്‍ പ്രേമ തീവ്ര ചൈതന്യ പ്രഭാവത്തെ
കണ്ണുകള്‍ പോരതുകാണുവാന്‍, കരുത്തുള്ള
കൈ പോരയുള്ളി വിശുദ്ധിയെ പുൽകാന്‍

നിന്നതി ശക്തിയാലീ ശ്രേഷ്ഠ മുഗ്ദത
തല്ലിതകര്‍ക്കാനിനിയുദ്യമിക്കിലും
എങ്ങും നിറഞ്ഞ പൊരുളിനെ, ഒന്നിൽ നി-
ന്നൊന്നിലേയ്ക്കെങ്ങനെ മാറ്റാന്‍ നിനക്കാവും…

വിവേക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *