ദില്ലി: മുഖ്യമന്ത്രി ബിപ്ലവ് കുമാർ പാർട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം എംഎൽഎമാർ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ബിപ്ലവിനെതിരെ പരാതിയുമായി 11 എംഎൽഎമാരാണ് ദില്ലിയിൽ എത്തിയിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപി ദേശീയനേതൃത്വത്തോടും പൂർണമായി കൂറ് പ്രഖ്യാപിക്കുന്ന വിമത എംഎൽഎമാർ തങ്ങൾക്ക് പരാതി ബിപ്ലവ് കുമാറിനോട് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാം പ്രസാദ് പാൽ എന്ന മുതിർന്ന നേതാവിൻ്റെ നേതൃത്വത്തിലാണ് വിമത എംഎൽഎമാർ ബിപ്ലവിനെതിരെ തിരിഞ്ഞിരിക്കുന്നത്.25-ലേറെ ബിജെപി എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ത്രിപുരയിലെ പട്ടിക വർഗക്കാർക്കിടയിൽ വലിയ സ്വാധീനമുള്ള ഐ.ആർ.എഫ്.ടി പാർട്ടിയുടെ പിന്തുണയും തനിക്കുണ്ടെന്നും രാം പ്രസാദ് പാൽ അവകാശപ്പെടുന്നുണ്ട്. ഇന്നലെ ദില്ലിയിലെത്തിയ രാം പ്രസാദും സംഘവും സംഘടന ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.