പത്തനംതിട്ട: ലോക ജനത ആദരവോടെ എല്ലായ്പ്പോഴും നോക്കി കാണുന്ന നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാർഷികമാണ് ഇന്ന്. സത്യാഗ്രഹം എന്ന ആയുധം കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ അടിയറവ് പറയിച്ച ബാപ്പുജി ഏത് കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിലും സത്യം അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും അത് ജീവിത ചര്യയാക്കി മാറ്റാനും നമ്മെ പഠിപ്പിച്ചു. ആ മഹാത്മജിയുടെ അപൂർവ സ്റ്റാമ്പുകൾ ശേഖരിച്ച മലയാളിയാണ് പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ മത്തായി ജേക്കബ്. ഈ വ്യത്യസ്ത തരം സ്റ്റാമ്പു ശേഖരങ്ങളുമായി ഇന്ത്യയിലും ഒട്ടനവധി വിദേശ രാജ്യങ്ങളിലുമായി അനവധി പ്രദർശനങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തിട്ടുള്ളത്.
ഗാന്ധിജിയോടുള്ള ആരാധനയാണ് ജേക്കബ് മത്തായിയെ ഈ അപൂർവ ശേഖരങ്ങളുടെ ഉടമയാക്കിയത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പുറത്തിറക്കിയ നൂറ് കണക്കിന് ഗാന്ധി സ്റ്റാമ്പുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. രാഷ്ട്രപിതാവിന്റെ പേരിൽ പുറത്തിറക്കിയ സ്റ്റാമ്പുകൾ മാത്രമല്ല നാണയങ്ങളും കറൻസികളും പോസ്റ്റുകാർഡുകളും എൻവലപ്പുകളും ഉൾപ്പടെ എല്ലാം ഒരു നിധി പോലെയാണ് ജേക്കബ് കാത്തു സൂക്ഷിക്കുന്നത്.