അത്ഭുതങ്ങളൊന്നും നടന്നില്ല; ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം, കുൽദീപിന് മൂന്ന് വിക്കറ്റ്

Kerala

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ 8 പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 197 റൺ‌സ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്റെ പോരാട്ടം എട്ടു വിക്കറ്റു നഷ്ടത്തില്‍ 146 റൺസിൽ അവസാനിച്ചു. സൂപ്പർ എട്ടിൽ രണ്ടാം ജയത്തോടെ ​ഗ്രൂപ്പിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ ആദ്യ മുതൽ തന്നെ സമ്മർദ്ദത്തിലാക്കി. 11.2 ഓവർ വേണ്ടി വന്നു ബം​ഗ്ലാദേശിന് 100 റൺസ് തികയ്ക്കാൻ. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അര്‍ഷ്ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി.

32 പന്തുകളിൽനിന്ന് 40 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍‌ ഷന്റോയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറര്‍. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെയാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. പിന്നാലെ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ തന്‍സിദ് ഹസനെ കുല്‍ദീപ് പുറത്താക്കി. 31 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു ഹസന്റെ സമ്പാദ്യം. പിന്നാലെ തൗഹിദ് ഹൃദോയിയും (4) കുല്‍ദീപിനു മുന്നില്‍ വീണു. 11 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനെയും മടക്കി കുല്‍ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 196 റൺസാണ് എടുത്തത്. അർധ സെഞ്ചറിയും ഒരു വിക്കറ്റും വീഴ്ത്തിയ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരമായത്. പാണ്ഡ്യ 27 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ മൂന്ന് റണ്‍സുമായി അക്ഷര്‍ പട്ടേലും പുറത്താകാതെ നിന്നു. ശിവം ദുബെ ഫോമിലേക്കെത്തിയതും ഇന്ത്യക്ക് പോസിറ്റീവാണ്. താരം 24 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 34 റണ്‍സുമായി ഹര്‍ദികിനെ പിന്തുണച്ചു. ബം​ഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഷാകിബ് അല്‍ ഹസന്‍ ഒരു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *