തലശേരി: കൈയ്യേറ്റം ആരോപിച്ച് തലശേരി നഗരസഭ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടിയ രാജ് കബീറിന്റെ ഫർണീച്ചർ നിർമാണ യൂനിറ്റ് വീണ്ടും തുറന്നു. നഗരസഭ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഫർണീച്ചർ നിർമാണ യൂനിറ്റ് വീണ്ടും തുറക്കാനുള്ള ഉത്തരവും താക്കോലും കൈമാറിയത്. ഹൈകോടതി നിർദേശ പ്രകാരം പിഴയായി 41,000 രൂപ രാജ് കബീർ നഗരസഭയിൽ കെട്ടിവെച്ചു.
സ്ഥാപനം വീണ്ടും തുറന്നു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് രാജ് കബീർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി താൻ അനുവഭിച്ച ദുഃഖം മറ്റൊരു വ്യവസായിക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് മകന് കൈമാറുകയാണ്. നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ രാജ് കബീർ മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാര ജേതാവ് കബീറിന്റെ മകൻ രാജ് കബീർ തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ 18 വർഷമായി നടത്തിവന്ന ബ്ലൂചിപ് ഫർണിച്ചർ നിർമാണ യൂനിറ്റ് ആണ് നഗരസഭ അടച്ചുപൂട്ടിയത്. കൈയ്യേറ്റം ആരോപിച്ച് 34 ദിവസം മുൻപാണ് നഗരസഭ സംരംഭത്തിന്റെ ലൈസൻസ് റദ്ദാക്കി പൂട്ടിട്ടത്. അതോടൊപ്പം നാല് ലക്ഷം രൂപ പിഴയും ചുമത്തി.
ഇതിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും കബീറിന് അനുകൂലമായി വിധി വരികയും ചെയ്തു. ഹൈകോടതി പിഴ സംഖ്യ 10 ശതമാനം കുറക്കുകയും തവണകളായി അടക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നഗരസഭ ഉദ്യോഗസ്ഥർ അയഞ്ഞില്ല.
നഗരസഭയുടെ നടപടിയിൽ മനം മടുത്ത് സംരംഭക ദമ്പതികളായ രാജ് കബീറും ഭാര്യ ദിവ്യയും കഴിഞ്ഞ ചൊവ്വാഴ്ച നാടുവിട്ടു. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലെത്തിയ തലശേരിയിൽ നിന്നുള്ള പൊലീസ് സംഘം ദമ്പതികളെ കഴിത്ത ദിവസം നാട്ടിൽ തിരിച്ചെത്തിച്ചു.
.അതിനിടെ, കബീറിന്റെ സഹോദരൻ രാജേന്ദ്രൻ തായാട്ട് തലശ്ശേരി നഗരസഭ അധികൃതരുമായി സംസാരിക്കുകയും ശനിയാഴ്ച ഉദ്യോഗസ്ഥരെത്തി തുറന്നു നൽകാമെന്നും ധാരണയാകുകയും ചെയ്തു