നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; സെപ്റ്റംബർ 4 ന് വീണ്ടും പരീക്ഷ

Kollam

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ വിവാദത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. സെപ്റ്റംബർ 4 നാണ് പരീക്ഷ നടത്തുക. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് അറിയിപ്പ് പുറത്തിറക്കിയത്. കൊല്ലം ആയൂർ മാർത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.

സംഭവത്തിൽ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. പക്ഷേ കോംപെൻസേഷൻ ആവശ്യപ്പെട്ട് വീണ്ടും പരീക്ഷ നടത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിപ്പെട്ട  വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ് ലഭിച്ചതായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അറിയിച്ചു. 

ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ വീണ്ടും പരീക്ഷ നടത്താൻ എൻ ടിഎ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥിനികൾക്കെല്ലാം ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പരീക്ഷ വീണ്ടും എഴുതാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാർത്ഥിനികൾ അറിയിച്ചു. 

നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള  അന്വേഷണ വിവരങ്ങൾ  കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം. 

ഹർജി നിലനിൽക്കില്ലെന്ന എൻടിഎയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. 

കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവ‍ര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതിനിടെ നീറ്റ് പരീക്ഷയിൽ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും  അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും ജോബി ജീവൻ പറഞ്ഞു.  കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള  പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്.  ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല.  500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തതെന്നും ജോബി ജീവൻ വെളിപ്പെടുത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *