ലഖ്നോ: താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ച ലഖ്നോ ബെഞ്ച് വാദം വ്യാഴാഴ്ച അവസാനിപ്പിച്ചു. നാളെ നിങ്ങൾ കോടതിയുടെ ചേമ്പറുകൾ കാണണമെന്ന ആവശ്യവുമായി വരുമെന്നും പൊതുതാൽപര്യ ഹരജികളെ പരിഹസിക്കരുതെന്നും രണ്ടംഗ ബെഞ്ച് പരാതിക്കാരനെ വിമർശിച്ചു.
അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് കോടതിയെ സമീപിച്ചത്.
അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഹരജിയിൽ. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരൻമാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായും ഹരജിയിൽ ചൂണ്ടികാട്ടിയിരുന്നു.