തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന്
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്.
പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും ക്യാഷ് അവാർഡും അവാർഡ് ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ് ഇംഗ്ലീഷ് പഠനപായ്ക്കേജും
അപൂർവ്വയിനം വൃക്ഷത്തൈകളും
അടങ്ങുന്നതാണ് പുരസ്കാരം.
ലോകപ്രശസ്ത മജിഷ്യൻ മുതുകാടിന്റെ ശിഷ്യനും
എം.ആര്‍ വിഭാഗത്തില്‍പ്പെട്ട 65ശതമാനം ഡിസെബിലിറ്റിയുള്ള 21 വയസ്സുകാരനുമായ വിഷ്ണു സ്വന്തം ശാരീരിക പരിമിതികളെ മറികടന്ന് വിദേശരാജ്യങ്ങളിലടക്കം നാലായിരത്തിലധികം മാജിക് ഷോകള്‍ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. തിരുമല ചാടിയറയില്‍ ദീപ-രവി ദമ്പതികളുടെ മകനാണ്.
സ്പീഡ് കാർട്ടുണിസ്റ്റ് ജിതേഷ്ജി, ആനയടി പ്രസാദ്, അവാർഡ് പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ എന്നിവരടങ്ങിയ പുരസ്കാരനിർണ്ണയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മെയ് 12ന് രാവിലെ 11മണിക്ക്
കഴക്കൂട്ടം
മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലിസ് ഇൻസ്‌പെക്ടർ ജനറൽ പി.വിജയൻ ഐ.പി.എസ് അവാർഡ് സമർപ്പിക്കും. മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടറും വിശ്വവിഖ്യാതമാന്ത്രികനുമായ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീഡ് കാർട്ടൂണിസ്റ്റും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ അഡ്വ.ജിതേഷ്ജി മുഖ്യാതിഥിയാകും. ചടങ്ങിൽ സാമൂഹ്യ സംസ്‍കാരിക, വിദ്യാഭ്യാസ പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ അറിയിച്ചു.