‘കൊല്ലണമെന്ന് തോന്നി, കൊന്നു’; ദേവേന്ദുവിന്റെ കൊലപാതകത്തിൽ ഹരികുമാറിന്റെ വിചിത്ര മൊഴി

General

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി ഹരികുമാർ. ഉൾവിളി കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന് ഹരികുമാർ പറയുന്നു. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും ഹരികുമാര്‍ പറയുന്നു. അടിക്കടി പ്രതി മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സഹോദരിയുമായി പ്രശ്‌നമുണ്ടെന്ന ഇന്നലത്തെ മൊഴി പ്രതി ഇന്ന് നിഷേധിച്ചു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമെന്നും തിരുവനന്തപുരം റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പറഞ്ഞു. ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. അതുകൊണ്ട് തന്നെ വാട്സാപ്പിൽ ഇയാൾ വോയ്സ് മെസേജുകളായാണ് സന്ദേശം അയച്ചിരുന്നത്. മാത്രവുമല്ല അയക്കുന്ന മെസേജുകൾ ഡിലീറ്റ് ആക്കുന്ന സ്വഭാവക്കാരനുമാണ് ഹരികുമാർ. ഇയാൾ അയച്ച വോയ്സ് ചാറ്റുകൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.

നിലവിൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. മൂന്ന് വർഷം ആലപ്പുഴ ദേവീക്ഷേത്രത്തിൽ ഹരികുമാർ ജോലി ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *