മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ മെയ്തയ് – കുക്കി അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും അടക്കം ആറ് പേരെ പിടികൂടി കൊലപ്പെടുത്തിയ കുക്കികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇംഫാലിൽ മേയ്തയ് അനുകൂല സംഘടനകളുടെ പ്രതിഷേധം. ഏഴു ജില്ലകളിൽ കർഫ്യൂ, ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്. ആക്രമണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാവുന്ന ആക്രമണങ്ങൾ മനുഷ്യത്വരഹിതം ആണെന്നും ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു.
മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗ ഐക്യസമിതിയായ സി ഒ ടി യു രംഗത്ത് എത്തി. മുഖ്യമന്ത്രി അംഗീകരിച്ച പ്രമേയം പക്ഷപാതപരമെന്നും 10 കുക്കി-സോ എംഎൽഎമാരുടെ അഭാവത്തിൽ ആണ് പ്രമേയം പാസാക്കിയതെന്നും ഗോത്ര വർഗ ഐക്യസമിതിയായ സി ഒ ടി യു പറഞ്ഞു. അരംബായി തെങ്കോൾ, ബിജിഎസ്എസ് എന്നിവയെ ആദ്യം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കണം എന്നും സിഒടിയു ആവശ്യപ്പെട്ടു.