ന്യൂഡൽഹി: ബംഗ്ലാദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. ബംഗ്ലാദേശിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കാനും നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടാനും സർക്കാർ ആവശ്യപ്പെട്ടു. അതിനിടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 91 ആയി.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. മരിച്ചവരിൽ 14 പൊലീസുകാരും ഉൾപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതാണ് പ്രക്ഷോഭങ്ങൾക്ക് കാരണമായത്. വിദ്യാർഥികളും യുവാക്കളുമാണ് പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഘർഷം തുടങ്ങിയത്. വൈകിട്ട് 6 മണി മുതൽ രാജ്യത്തൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ വിദ്യാർഥികളല്ലെന്നും തീവ്രവാദികളാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
1971ല്‍ ബംഗ്ലദേശിനെ പാകിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്ച്ചക്കാര്ക്കു 30 ശതമാനമാണ് സംവരണം. ഇത് കൂടാതെ പിന്നോക്കക്കാർക്കും സ്ത്രീകൾക്കും ഉൾപ്പടെ സര്‍ക്കാര്‍ ജോലികളില്‍ 56ശതമാനം സംവരണമാണ് നിലനിൽക്കുന്നത്. ഇതിനെതിരെ വർഷങ്ങളായി വിദ്യാർഥികൾ സമരത്തിലാണ്.
2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര് നൽകിയ ഹർജിയിൽ സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചു. തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ സുപ്രീംകോടതി സംവരണം റദ്ദാക്കിയെങ്കിലും സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.