വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തെലങ്കാന സ്വദേശി നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
1986ലെ മുസ്ലിം വിവാഹമോചന നിയമപ്രകാരം ഭാര്യയ്ക്ക് ജീവനാംശം നല്‍കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുള്‍ സമദ് സമര്‍പ്പിച്ച ഹര്‍ജി തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം യുവതികള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും രണ്ടംഗ ബെഞ്ച് വിലയിരുത്തി. തെലങ്കാനയിലെ കുടുംബകോടതിയില്‍ നിന്നും വിവാഹമോചിതയായ മുസ്ലിം യുവതിക്ക് 20,000 രൂപ ഭര്‍ത്താവില്‍ നിന്നും ജീവനാംശം നല്‍കാനും ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജീവനാംശം 10,000 രൂപയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്. പിന്നാലെയാണ് ഭര്‍ത്താവ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.