“വികേന്ദ്രീകൃതാസൂത്രണം -ചിന്തയും പ്രയോഗവും” എന്ന ജുനൈദ് കൈപ്പാണിയുടെ ഗ്രന്ഥത്തെ കുറിച്ച്പ്രമുഖ പൊതുപ്രവർത്തകൻ വി.പി ബാലചന്ദ്രൻ എഴുതുന്നു.. ✍️
ജനങ്ങളുടെ ജീവിത നിലവാരത്തെ ഘട്ടം ഘട്ടമായി ഉയർത്തുന്ന സാമൂഹ്യ പ്രക്രിയക്കാണ് വികസനമെന്ന് പറയുന്നത്.
അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണം.
ഇത് സാധ്യമാകണമെങ്കിൽ കാർഷിക വ്യവസായിക മേഖലകളിൽ ഉൽപാദനവർധനവ് ഉണ്ടാകണം. കൂടാതെ സേവന മേഖലകളുടെ വളർച്ചയും നടക്കണം.
നാടിന്റെ സാമ്പത്തിക വളർച്ചയും വികസനത്തിന് അനിവാര്യമാണ്. സാമ്പത്തിക വളർച്ച എന്ന് പറയുന്നത് സമ്പത്തിന്റെ ഉൽപാദനം മാത്രമല്ല നീതിപൂർവ്വകമായ വിതരണം കൂടിയാണ്. ഇത്തരത്തിലുള്ള വളർച്ച നിലനിൽക്കുന്നതായിരിക്കണം.
ഈ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ രാജ്യത്ത് പഞ്ചായത്തി രാജ് നിയമം നിലവിൽ വന്നത്. ത്രിതല പഞ്ചായത്തുകളുടെ രൂപീകരണത്തോടെ അധികാരവികേന്ദ്രീകരണം നടപ്പാക്കി. ദേശീയ പ്രസ്ഥാനത്തിലൂടെ ആർജിച്ചെടുത്ത ഗ്രാമസ്വരാജിന്റെ ആശയം നടപ്പാകണമെന്നൊക്കെ പഞ്ചായത്ത് രാജ് ബില്ല് നിയമമാക്കിയ അവസരത്തിൽ നാം ആശിച്ചിരുന്നു.
എന്നാൽ 73 – 74 ഭരണഘടനാഭേദഗതി നടപ്പായെങ്കിലും വിഭവങ്ങളുടെ പരിമിതി കൊണ്ട് പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല…
എന്നാൽ കേരള സംസ്ഥാനം ഈ പരിമിതികളെ മുറിച്ചു കടക്കാൻ തയ്യാറായി. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ 35- മുതൽ 40 ശതമാനം വരെ തുക പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
പദ്ധതി തുക ഉപയോഗിച്ച് വികസന പദ്ധതികൾ രൂപീക്കാൻ ജനകീയ പങ്കാളിത്തവും ഉറപ്പുവരുത്തി. അങ്ങനെ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചു. 1996 ആഗസ്റ്റ് 17 ന് നിലവിൽ വന്ന ജനകീയാസൂതണ പ്രസ്ഥാനം രജത ജൂബിലി പിട്ടിരിക്കുകയാണ്.
സേവന മേഖലകളിൽ ഉണ്ടായിട്ടുള്ള അഭൂതപൂർവ്വമായ വളർച്ച ജനകീയാസൂത്രണ പ്രസ്ഥാനം വഴിയാണ് നേടിയെടുക്കാനായത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ജീവിത ഗുണതയിൽ വലിയ തോതിൽ കുതിച്ചു ചാട്ടം നടത്താൻ കേരളത്തിന് സാധിച്ചു. ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ മാനവവികസന സൂചികകൾ പ്രകാരം ലോകത്തിലെ വികസിത രാഷ്ട്രങ്ങൾ നേടിയെടുത്ത നേട്ടത്തിനൊപ്പം ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വഴി സാധിച്ചു.
പക്ഷേ ഉൽപാദന മേലകളിൽ ചില പ്രതിസന്ധികൾ ഇപ്പോഴും തുടരുന്നുവെന്നതാണ് കേരള വികസന മാതൃക നേരിടുന്ന വലിയ വെല്ലുവിളി.
ഈ വെല്ലുവിളി എങ്ങനെ നമുക്ക് നേരിടാൻ പറ്റും, പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുമോ…….. തുടങ്ങിയ പ്രശ്നങ്ങൾ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് വികേന്ദ്രീകൃതാസൂത്രണം, – ചിന്തയും പ്രയോഗവും…. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയാണ് ഗ്രന്ഥം തയ്യാറാക്കിയത്.
വികേന്ദ്രീകൃതാസൂതണത്തിന്റെ അനിവാര്യത പ്രസംഗങ്ങളിലൊക്കെ ഊന്നി പറയുമ്പോഴും പ്രായോഗിക തലത്തിൽ വികേന്ദ്രീകരണം എന്നത് അത്ര സുഖമുള്ള ഏർപ്പാടായി കാണാൻ ജനപ്രതിനിധികളടക്കമുളവർ തയ്യാറാകുന്നില്ലെന്ന് ജുനൈദ് അനുഭവത്തിലൂടെ വിവരിക്കുന്നു.
പ്രളയവും കോവിഡും അതിജീവിക്കാൻ കേരളത്തിന് കരുത്തായത് പ്രാദേശിക സർക്കാരുകളാണെന്നതിൽ തർക്കമില്ല. ഇതേ ആർജവം സാധാരണക്കാർക്കു യോജ്യമായ വികസന പദ്ധതികളുടെ ആസൂത്രണത്തിൽ പ്രകടമാക്കണമെന്ന് ” അനുഭവങ്ങൾ സമ്മാനിച്ച ഗ്രാമസ്പന്ദന യാത്ര എന്ന അധ്യായത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഗാന്ധിജി,. റാം മനോഹർ ലോഹ്യ,. ഡോ.. അമർത്യാ സെൻ എന്നിവരുടെ കാഴ്ചപ്പാടുകൾ ഉദാഹരിച്ചു കൊണ്ട് പ്രാദേശിക വികസന സങ്കൽപം എന്തായിരിക്കണമെന്ന് ജുനൈദ് ഊന്നി പറയുന്നു.
നിയമസഭ – പാർലമെന്റ് തുടങ്ങിയവയിൽ കാണുന്ന ഭരണ-പ്രതിപക്ഷ ബെഞ്ചുകൾക്ക് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ പ്രസക്തി ഇല്ല. അവിടെ പഞ്ചായത്ത് ഭരണസമിതിയാണ് ഉള്ളത്. അതായത് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും തുല്യ ബാധ്യതയാണ്. എന്നാൽ നമ്മുടെ എത്ര സ്ഥാപനങ്ങൾ ഈ ആശയമനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്….
നാടിന്റെ വികസന മാത്രമായിരിക്കണം പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യമെന്ന് ജൂനൈദ് അഭിപ്രായപ്പെടുന്നു.
പുസ്തകത്തിന്റെ അവതാരികയിൽ ഡോ. തോമസ് ഐസക് പറയുന്നത് “ജനകീയാസൂത്രണം നമുക്ക് സമ്മാനിച്ചത് അധികാര വികേന്ദ്രീകരണവും സമ്പത്തിന്റെ വിന്യാസവും മാത്രമല്ല – നമ്മുടെ മതസ്സിലെ ആർദ്രതയും അന്യരോടുള്ള സ്നേഹവും അവരുടെ വാക്കുകളിലെ സംഗീതത്തെ അറിയുവാനുള്ള അവസരം കൂടിയാണ്…
ഞങ്ങൾ-നിങ്ങൾ എന്ന ദ്വയം സൃഷ്ടിച്ച് ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തി വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന ശക്തികൾ ഇന്ത്യൻ ഭരണ വ്യവസ്ഥയെ നിയന്ത്രിക്കുമ്പോൾ… എല്ലാവരെയും ഉൾക്കൊളളാനുള്ള അവസരം സൃഷ്ടിക്കുകയെന്നത് വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്.
ജാതി – മത പരിഗണനകൾക്കതീതമായി ഭൂരിപക്ഷം വരുന്ന ദരിദ്രരായ . മനുഷ്യർക്ക് മുൻഗണന നൽകുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്നുള്ള അന്വേഷണമാണ് “വീകേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും” എന്ന ഗ്രന്ഥം…
സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകർക്കും, ജനപ്രതിനിധികൾക്കും, സ്ഥാപനങ്ങളിലെ നിർവ്വഹണ ഉദ്യോഗസ്ഥാർക്കും വികസന മേഖലയിലെ ഗവേഷണ വിദ്യാർത്ഥിക ൾക്കും ഏറെ ഉപകാരപ്പെടുന്ന പുസ്തകമാണ്.
കോഴിക്കോട് ഏഷ്യൻ ഗ്രാഫാണ് പുസ്തകം പ്രസിദ്ധികരിച്ചത്. വില 150/-
Vp Balachandran