ന്യൂഡല്‍ഹി: ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആരെക്കെയെന്ന ആകംക്ഷയിലാണ് ആരാധകര്‍. ഐപിഎല്‍ പോരാട്ടത്തിനിടെ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ വച്ച് ഇരുവരും ടീം സെലക്ഷന്‍ സംബന്ധിച്ചു തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കാണാന്‍ അഗാര്‍ക്കര്‍ എത്തിയിരുന്നു. പിന്നാലെ അദ്ദേഹം രോഹിതുമായി കൂടിക്കാഴ്ച മുന്നില്‍ കണ്ടാണ് ഡല്‍ഹിയില്‍ എത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് ഒന്നിനു ടീമിനെ പ്രഖ്യാപിച്ചേക്കും. 15 അംഗ സംഘമായിരിക്കും ലോകകപ്പിനായി പറക്കുക.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണ ലോക പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് മത്സരങ്ങള്‍.
വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി നിരവധി താരങ്ങളില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നതാണ് ഹൈ ലൈറ്റ്. ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ സ്ഥാനം ഉറപ്പാണ്. രവീന്ദ്ര ജഡേജയ്ക്കും സീറ്റുറപ്പ്. മറ്റ് സ്ഥാനങ്ങളിലേക്ക് ആരെല്ലാം എന്നതാണ് സര്‍പ്രൈസ്.