തൊണ്ടിമുതൽ പൊലീസിന് പാർസൽ ചെയ്ത് മോഷ്ടാക്കൾ; അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച് പൊലീസ്

National

ചെന്നൈയിൽ മോഷണമുതലായ സാരികൾ പൊലീസിന് പാർസൽ അയച്ച് മോഷ്ടാക്കൾ. ഏഴ് ലക്ഷത്തോളം വിലവരുന്ന സാരികളാണ് ചെന്നൈ ശാസ്ത്രിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയത്. ദീപാവലി സമ്മാനമാണെന്ന് കരുതി തുറന്ന് നോക്കിയപ്പോഴാണ് ലക്ഷങ്ങളുടെ വിലയുള്ള സാരികളാണെന്ന് മനസിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാർസൽ വന്നയുടനെ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്ന് ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. ഇതൊക്കെ മോഷ്ടിച്ച സാരികളാണെന്നും അറസ്റ്റ് ഒഴിവാക്കാനായി ഇവ തിരിച്ചയക്കുകയാണെന്നുമാണ് ഫോൺ കൊളിലൂടെ അറിയിച്ചത്.

ഒക്ടോബർ 28ന് ചെന്നൈ നഗരത്തിലെ ഒരു തുണിക്കടയിൽ വൻ മോഷണം നടന്നിരുന്നു. ആറംഗസംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതികൾക്കായുള്ള തെരച്ചിലിനിടയ്ക്കാണ് സ്റ്റേഷനിലേക്ക് പാർസൽ എത്തുന്നത്. സ്ത്രീകളടങ്ങുന്ന സംഘം സാരിക്കുള്ളിൽ പ്രത്യേക അറകളുണ്ടാക്കി സാരികൾ മോഷ്ടിക്കുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ട് 70,000 രൂപയോളം വിലയുള്ള സാരികൾ മോഷ്ടിച്ചുവെന്നാണ് കടയുടമ പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിടിക്കപ്പെട്ടെന്ന് മനസിലാക്കി തൊണ്ടിമുതൽ സ്റ്റേഷനിലേക്ക് അയച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ഉടൻ തന്നെ അറസ്റ്റുണ്ടാവുമെന്നും ശാസ്ത്രി നഗർ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *