ജാര്‍ഖണ്ഡില്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു. വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയത്. പെട്ടെന്ന് ട്രെയിന്‍ നിന്നതോടെയുണ്ടായ കുലുക്കത്തില്‍ നിയന്ത്രണം വിട്ട് വീണാണ് മരണം സംഭവിച്ചത്.
ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പര്‍സാബാദിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പുരിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമര്‍ജന്‍സി ബ്രേക്കിട്ട് പെട്ടെന്ന് നിര്‍ത്തിയത്
‘പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. രണ്ട് പേര്‍ ഇതിന്റെ ആഘാതത്തില്‍ മരിച്ചു’-ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കോമേഴ്‌സ് മാനേജര്‍ അമരേഷ് കുമാര്‍ പറഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.