മണിപ്പൂരിന്‍റെ താഴ്വാരകളിലെ മെയ്തെകളും കുന്നിന്‍ മുകളിലെ കുക്കികളും തമ്മിലുള്ള വംശീയ കലാപം, ഈ വര്‍ഷം മെയ് 3 ന് മലയോരജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് പൊട്ടിപ്പുറപ്പെട്ടത്. അനൗദ്ധ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതിനിടെ ഏതാണ്ട് 200 ഓളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കരുതുന്നു. ഇന്നും കലാപം പൂര്‍ണ്ണമായും അടങ്ങിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. പിന്നാലെ മാസങ്ങളോളും നീണ്ടുനിന്ന കലാപത്തിനിടെയുണ്ടായ പല സംഭവങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിനിടെയാണ് ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്ത് വന്നത്.
വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെ വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പതിവ് പോലെ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകി. വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരു ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികൾ ഒരു പുല്ല് വളപ്പിൽ ഇരിക്കുന്നതാണ്. അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നു. പ്രചരിക്കുന്ന മറ്റൊരു ചിത്രത്തില്‍ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളാണുള്ളത്. മൃതദേഹങ്ങള്‍ ഹിജാം ലിന്തോയിങ്കമ്പിക് (17), ഫിജാം ഹേംജിത്ത് (20), എന്നീ വിദ്യാര്‍ത്ഥികളുടെതാണെന്ന് തിരിച്ചറിഞ്ഞു.
വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് കേസ് സജീവമായി അന്വേഷിക്കുകയാണെന്നും അക്രമികളെ പിടികൂടാൻ സുരക്ഷാസേനയും രംഗത്തുണ്ടെന്നും ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പുറയുന്നു. “ഈ ദുരിതപൂർണമായ സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട്, ഫിജാം ഹെംജിത്തിനെയും ഹിജാം ലിന്തോയ്‍ഗാമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ വേഗത്തിലും നിർണായകവുമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നു. നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ഏതെങ്കിലും കുറ്റവാളികൾക്കെതിരെ, സംയമനം പാലിക്കാനും അന്വേഷണം കൈകാര്യം ചെയ്യാൻ അധികാരികളെ അനുവദിക്കാനും സർക്കാർ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു,” പത്രക്കുറിപ്പില്‍ പറയുന്നു.
ജൂലൈ 6 ന് വിദ്യാര്‍ത്ഥികളെ കാണാതായതിന് പിന്നാലെ കുടുംബാംഗങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും അവരെ സുരക്ഷിതമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ കുട്ടികളെകൈമാറണമെന്ന് അഭ്യർത്ഥിച്ച് മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണം ലഭിക്കുന്നത്. ഫിജാം ഹേംജിത്തിന്‍റെ അവസാന മൊബൈല്‍ ലൊക്കേഷന്‍ കുക്കി ആധ്യപത്യ പ്രദേശമായ ചുരാചന്ദ്പൂര്‍ ജില്ലയിലെ ലാംദാനിൽ നിന്നാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. അക്രമം നിയന്ത്രിക്കാനും സംസ്ഥാനത്ത് സാധാരണ നിലയിലാക്കാനും മണിപ്പൂർ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്നും സംസ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുകയാണ്. കലാപം തുടങ്ങി നാല് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് കലാപവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. ജൂലൈയില്‍ കുക്കി വംശജരായ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര്‍ പരസ്യമായി ലൈംഗികമായി പീഡിപ്പിച്ച് നഗ്നരായി റോഡിലൂടെ നടത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മണിപ്പൂര്‍ കലാപം അന്താരാഷ്ട്രാ തലത്തില്‍ ചര്‍ച്ചയാകാന്‍ ഇത് കാരണമായി, വീഡിയോ പുറത്ത് വിട്ടത് സര്‍ക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാനാണെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അന്ന് പറഞ്ഞത്.