കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകടമരണത്തിൽ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി. കുമ്പളയിലെ വാടക ക്വാർട്ടേഴ്സിന് പുറത്ത് നിന്ന് ഭീഷണിപ്പെടുത്തുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ തുടർന്ന് രജിത്തിന്റെ പിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
അതേ സമയം, ഫർഹാസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിം ലീഗും എം എസ് എഫും കെ എസ് യുവും. ഫര്‍ഹാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്കെതിരായ സ്ഥലം മാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. കുറ്റക്കാരെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗും സമരത്തിന് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. വരും ദിവസങ്ങളില്‍ സമരം കടുപ്പിക്കുമെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്.
സബ് ഇന്‍സ്പെക്ടര്‍ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. 17 വയസുകാരന്‍ ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നതിനാലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകുന്ന ഉറപ്പ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രമായിരിക്കും പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി വേണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് വിവരം.