ദില്ലി:മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി.കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ.
രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്.സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബൽ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കൾക്ക് വെടിയേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ നടന്ന റെയ്ഡുകളിൽ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളിൽ നടന്ന പരിശോധനയിൽ തോക്കുകളും ഗ്രേനഡും പിടികൂടി.
മണിപ്പൂരിൽ സന്ദർശനം നടത്തുന്ന സീതാറാം യെച്ചൂരി ഇംഫാൽ ആർച്ച്ബിഷപ് ഡോമിനിക് ലുമോനെ കണ്ടു.കലാപബാധിത മേഖലകളായ ബിഷ്ണുപ്പൂർ, ചുരാചന്ദ്പ്പൂർ മേഖലകളിൽ സന്ദർശനം നടത്തിയ യെച്ചൂരിയടങ്ങുന്ന സംഘം ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു..