തിരുവനന്തപുരം: മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, കൂട്ടായ കവര്‍ച്ച തുടങ്ങി 20 ലേറെ കേസുകളില്‍ പ്രതിയാണ് മിന്നല്‍ ഫൈസൽ. ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ നിന്നു കവർച്ച നടത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്.
മെയ് 30 രാത്രി ആണ് സംഭവം. 30 പവന് സ്വര്‍ണം, ഡയമണ്ട്, 85000 രൂപ, 300 സിങ്കപ്പൂർ ഡോളര്‍, ഫോണ്‍ എന്നിവയാണ് കവർന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇയാള്‍ നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവന്നതിനാല് ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കെ ഒളിവില്‍ കഴിയവേ ആണ് മുട്ടപ്പലം, അഴൂർ, മൂന്നുമുക്ക്, ശാസ്തവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയത്.
മുന്‍ പരിചയക്കാരായ പല ആളുകളെയും ഉപയോഗിച്ച് മോഷണ ഉരുപ്പടികള്‍ വില്‍ക്കുകയായിരുന്നു രീതി. തിരുവനന്തപുരം സ്വദേശിയായ മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍, അയിലം സ്വദേശിയായ ബസ് ഡ്രൈവര്‍ കണ്ണന്, അകൗണ്ടന്റ് സ്മിത എന്നിവര്‍ ഈ കേസില്‍ ഇയാളെ സഹായിച്ചതിനു നേരത്തെ അറസ്റ്റിലായിരുന്നു. മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍ മുഖാന്തിരമാണ് ഇയാള്‍ കൂടുതല്‍ സ്വര്‍ണ്ണം വിറ്റതെന്ന് സംശയിക്കുന്നു. മുട്ടപ്പലത്തെ മോഷണം നടത്തിയ ഉരുപ്പടികളില്‍ പകുതിയിലേറെ പോലിസ് കണ്ടെത്തി. മോഷണം നടത്തിയ ശേഷം മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ഒളിവിൽ കഴിയുന്ന രീതിയാണ് ഇയാള്‍ക്ക്.