ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്‍ഡ്

Sports

വെല്ലിങ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ നേടിയ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 580 റണ്‍സ്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് അവര്‍ കളം വിട്ടത്.

മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയില്‍. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കെയ്ന്‍ വില്ല്യംസന്‍ 296 പന്തുകള്‍ നേരിട്ട് 215 റണ്‍സും ഹെന്റി നിക്കോള്‍സ് 240 പന്തുകള്‍ നേരിട്ട് 200 റണ്‍സുമാണ് അടിച്ചെടുത്തത്. നിക്കോള്‍സ് പുറത്താകാതെ നിന്നു. താരം ഇരട്ട സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെയാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. വില്ല്യംസന്‍ 23 ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ നിക്കോള്‍സ് 15 ഫോറും നാല് സിക്‌സും തൂക്കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 363 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

ടെസ്റ്റില്‍ വില്ല്യംസന്‍ നേടുന്ന ആറാം ഡബിള്‍ സെഞ്ച്വറിയാണിത്. നിക്കോള്‍സിന്റെ കന്നി ഇരട്ട സെഞ്ച്വറിയാണ് വെല്ലിങ്ടനില്‍ പിറന്നത്.

ന്യൂസിലന്‍ഡിനായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ച്വറി നേടി. താരം 78 റണ്‍സെടുത്തു. ടോം ലാതം (21), ഡാരില്‍ മിച്ചല്‍ (17) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഡിക്ലയര്‍ ചെയ്യുമ്പോള്‍ നിക്കോള്‍സിനൊപ്പം 17 റണ്‍സുമായി ടോം ബ്ലന്‍ഡലായിരുന്നു പുറത്താകാതെ ക്രീസില്‍.

ശ്രീലങ്കക്കായി കസുന്‍ രജിത രണ്ട് വിക്കറ്റുകള്‍ കൊയ്തു. ധനഞ്ജയ ഡി സില്‍വ, പ്രബത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *