യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് 2 പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ഷറഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. വായനാശീലവും പുസ്തക പരിചരണവും കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണെന്നും വായനാശീലത്തിലൂടെ അറിവും മാനസിക വളര്‍ച്ച ഉയര്‍ത്തുകയും വേണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതു ആശയമാണ് വോളന്റീയറിങ് ജേണിയിലെ പുസ്തകമുറി. പൂര്‍ണ്ണമായും സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുസ്തകങ്ങള്‍ ശേഖരിച്ച് സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് പുസ്തകമുറികള്‍ പ്രവര്‍ത്തിക്കുന്നത്. യൂത്ത് അഡ്വ. സാമുവല്‍ മാത്യു ജോസഫ് പ്രോജക്റ്റ് വിശദീകരിച്ചു. സ്‌കൂള്‍ പ്രധാന അധ്യപകന്‍ എം. പ്രദീപ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
