ജനീവ: 2022ൽ 10 ലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന മേധാവി ടെഡോസ് അദാനോം ഗ്രബിയേസൂസ്. ഇതിനെ ദുരന്തത്തിന്റെ നാഴികകല്ലായി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. രോഗത്തിന്റെ ഗൗരവം ജനങ്ങൾ കുറച്ച് കാണരുതെന്നും കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന ജാഗ്രത നൽകി.
2022 ജൂലൈയോടെ എല്ലാ രാജ്യങ്ങളും കുറഞ്ഞത് 70 ശതമാനം പൗരന്മാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതാണ്. എന്നാൽ 136 രാജ്യങ്ങൾ ഇത് പാലിച്ചിട്ടില്ലെന്നും 66 രാജ്യങ്ങൾ 40 ശതമാനം പോലും കുത്തിവെപ്പ് തികച്ചിട്ടില്ലെന്നും ഗ്രബിയേസൂസ് കുറ്റപ്പെടുത്തി.
2019ൽ ചൈനയിൽ കോവിഡ്
പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 65 ലക്ഷത്തോളം ആളുകളാണ് ഇത് വരെ മരിച്ചത്. “വൈറസ് പടർന്ന് തുടങ്ങിയിട്ട് രണ്ടര വർഷങ്ങളാകുന്നു. ചെറുത്ത് നിൽകാൻ സർവ സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ഒട്ടും തളരാതെ കൊറോണ പടരുന്നത് നല്ല സൂചനയല്ലെന്നും കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നമ്മൾ പഠിച്ചു എന്നത് ഈ സാഹചര്യത്തോട് യോജിക്കുന്നതല്ലെന്നും ഗ്രബിയേസൂസ് പറഞ്ഞു.
ഒമിക്രോൺ വകഭേദമായ ബി.എ.5 ആണ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നതിൽ മുന്നിൽ(74ശതമാനം). “ഏറ്റവും കുറവ് വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങളായ ആഫ്രിക്കയും മറ്റും ഭേദപ്പെട്ട നിലയിൽ ചെറുത്ത് നിൽക്കുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നിരുന്നാലും ആഗോള തലത്തിൽ മൂന്നിലൊന്ന് ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടേയില്ല. ഇതിൽ ആരോഗ്യ പ്രവർത്തകരടക്കം വരുന്നു എന്നത് ഗൗരവം കൂട്ടുന്നു” ഗ്രബിയേസസ് പറഞ്ഞു.