വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു

Kozhikode

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീണ്ടും കുട്ടികൾ പുറത്ത് കടന്നു. രണ്ട് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന്  പുറത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി.

വെള്ളിമാടുകുന്ന് വിമൺ ആന്റ് ചിൽഡ്രൻസ്  ഹോമിൽ നിന്നാണ് കുട്ടികൾ ചാടിപ്പോയത്. കുട്ടികളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ  മുൻപും കാണാതായിട്ടുണ്ട്. ഇവർ കായംകുളത്തേക്ക് പോയോ എന്ന് സംശയമുണ്ട്. രാവിലെ ഏഴ് മണിക്ക് ശേഷമാണ് കുട്ടികൾ ചാടി പോയ വിവരം പുറത്ത് അറിയിരുന്നത്. 7 മണിക്ക് വസ്ത്രം അലക്കാനാണ് ഹോമിന് പുറത്ത് പോയത്. ഇതിന് ശേഷം കാണാതാവുകയായിരുന്നു. കുട്ടികൾ രണ്ട് പേർക്കും 17 വയസാണ് പ്രായം. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടികൾ എങ്ങോട്ട് പോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വർഷം ജനുവരി 26 ന് സമാനമായ നിലയിൽ ഇതേ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്നിരുന്നു. ആറ് പെൺകുട്ടികളാണ് അന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്ത് കടന്നത്. ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തു. അന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മന്ദിരത്തിൽ നിന്ന് ഇറങ്ങിയ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തിയിരുന്നു. ബാല മന്ദിരത്തിലെ സുരക്ഷ വീഴ്ചയെ തുടർന്ന് ബാലമന്ദിരത്തിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *