കഴിഞ്ഞ വര്‍ഷം അവസാനം മൊബൈല്‍ താരീഫ് നിരക്കുകള്‍ 25 ശതമാനം വര്‍ദ്ധിച്ചതിന് പിന്നാലെ മുന്‍നിര ടെലികോം കമ്പനി സേവനങ്ങള്‍ ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണത്തിൽ വളരെ വലിയ കയറ്റമെന്നാണ് ജനുവരിയിലെ കണക്കുകള്‍ പറയുന്നത്. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ (TRAI) ജനുവരിയിലെ കണക്കുകൾ പ്രകാരം എയര്‍ടെല്ലിന് മാത്രമാണ് വരിക്കാരുടെ എണ്ണത്തിൽ നഷ്ടം സംഭവിക്കാത്തത് . അതേ സമയം ജിയോ (JIO, വി (Vi) എന്നിവര്‍ക്കെല്ലാം തിരിച്ചടി കിട്ടി.
ഇന്ത്യയിലെ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ ജിയോയ്ക്കാണ് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. വോഡഫോൺ ഐഡിയക്ക് 3.89 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. ജിയോയ്ക്ക് ഡിസംബറിലും നഷ്ടം സംഭവിച്ചിരുന്നു. ഇതിന് മുന്‍പ് 2021 സെപ്റ്റംബറിലും താഴോട്ട് പോയിരുന്ന ജിയോ ഒക്ടോബറിലും നവംബറിലും വൻ തിരിച്ചുവരവും നടത്തിയിരുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ജനുവരിയിൽ ജിയോയ്ക്ക് 93.22 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.63 കോടിയായി കുറഞ്ഞു. എന്നാൽ, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് ജനുവരിയിൽ 7.14 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.54 കോടിയായി.
വോഡഫോൺ ഐഡിയയുടെ 38. 9 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.51 കോടിയുമായി. ബിഎസ്എൻഎല്ലിന് ജനുവരിയിൽ 3.78 ലക്ഷം പുതിയ വരിക്കാരെയാണ് നഷടമായത്. ഇതോടെ ബിഎസ്എൻഎലിന്റെ മൊത്തം വരിക്കാർ 11.39 കോടിയുമായി.
അതേ സമയം രാജ്യത്തെ മൊത്തം മൊബൈല്‍ ടെലികോം സര്‍വീസ് ഉപയോക്താക്കളുടെ എണ്ണം 1,14.52 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 0.76 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും കണക്കുകള്‍ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ഡിസംബറിലെ 65.52 കോടിയിൽ നിന്ന് ജനുവരി അവസാനത്തിൽ 64.93 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ഡിസംബറിലെ 52.32 കോടിയിൽ നിന്ന് ജനുവരിയിൽ 52 കോടിയായും താഴ്ന്നിട്ടുണ്ട്. ജനുവരിയിൽ 95.3 ലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഡിസംബറിനെക്കാള്‍ കൂടുതലാണ് ഇത്.