ഓർമ്മകളുടെ_കാലിഡോസ്കോപ്പിലൂടെ….❤
ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന നീർവാരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും!
കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും?
വേരുകള്‍ പിണഞ്ഞ് ചില്ലകള്‍ വിടര്‍ത്തി പ്രണയിക്കുന്ന മരങ്ങള്‍ ഇപ്പോഴുമുണ്ട് സ്കൂള്‍ മുറ്റം നിറയെ. ആരവമൊഴിഞ്ഞ ക്ലാസ്സ് മുറികള്‍.
ഈ ക്ലാസ്സ്‌മുറി വരാന്തകളാണ് എന്‍റെ കുട്ടിത്തത്തിന് പണ്ട് കാല്‍പ്പനികത പകര്‍ന്നത്. ഈ കറുത്ത ചുമരിടത്തില്‍ വരഞ്ഞ വെളുത്തു വടിവൊത്ത അക്ഷരങ്ങളായാണ് എന്‍റെ മനസ്സില്‍ കവിത കടന്നു വന്നത്.
പുള്ളി സാരി ഉടുത്ത ഷീജ ടീച്ചര്‍,
കണക്കിലെ കളികള്‍ കൊണ്ട് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമൊക്കെ കണ്ണുരുട്ടുമ്പോള്‍ ഉത്തരം കിട്ടാതെ കണ്ണ് നിറച്ചത് ഈ ബെഞ്ചിലിരുന്നല്ലേ?
ഈ ആളൊഴിഞ്ഞ വരാന്തകളില്‍ ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ടാകും കൂട്ടുകാരോടൊപ്പം “ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ” എന്ന് പാടി നടന്ന കളിപ്പാട്ടിന്‍റെ ഈരടികള്‍. വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കളിപ്പാട്ടുകളൊക്കെ എന്‍റെ കാതരികിലേയ്ക്ക് തിരികെ പറന്നെത്തുന്നു…….! വെയില്‍ വഴുതി വീഴുന്ന ഈ നീണ്ട ഇടനാഴികള്‍ തരുന്ന ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ട്, അലിഞ്ഞുതീരാ മഞ്ഞിന്‍റെ നുണഞ്ഞുതീരാ മധുരമുണ്ട് …കുട്ടിക്കാലത്തിന്‍ നന്മ നാവിന്‍മേല്‍ ഇറ്റിച്ച അതിമധുരം..!
അന്നേ കുസൃതിയായിരുന്ന ഞാന്‍ തന്നെ ആകണം ക്ലാസ് ടീച്ചറായ ഷീജ ടീച്ചറിൽ നിന്നും ഏറ്റവും തല്ലു മേടിച്ചു കൂട്ടിയിട്ടുള്ളത്. നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ ഞാന്‍ കണ്ട ആദ്യത്തെ സകലകലാവല്ലഭ ആയിരുന്നു ഷീജ ടീച്ചർ എന്ന അധ്യാപിക. ചെറിയ കഥയിലൂടെയും ഉദാഹരണത്തിലൂടെയും വലിയ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍
ടീച്ചർ വിരുതയായിരുന്നു.
അവർ പാട്ടുപാടും ചിത്രം വരയ്ക്കും,
സ്കൂള്‍ മുറ്റത്തെ വാക മരങ്ങള്‍ ചുവപ്പ് നിറമുള്ള പൂക്കള്‍ വാരിയണിയുന്ന ജൂണ്‍ മാസം. അച്ഛന്‍റെ ഷേവിങ് ബോക്സില്‍ നിന്നും ചൂണ്ടിയ ഒരു ബ്ലേഡു കൊണ്ട് ഇന്റെര്‍വല്‍ സമയത്ത് പെന്‍സിലിനു മൂര്‍ച്ച കൂട്ടുകായിരുന്നു ഞാന്‍. ജിതിൻ വന്നെന്‍റെ കൈ തട്ടി. വിരല്‍ തുമ്പില്‍ ചുവപ്പ് നിറത്തില്‍ വാകപ്പൂമൊട്ടു വിരിഞ്ഞു. പിന്നെ അതൊരു പൂക്കുലയായി വിടര്‍ന്നു.
വിരലുകളിലൂടെ ഒലിച്ചു യൂണിഫോമിലാകെ ചോരപ്പൂക്കളം ..!
എനിക്ക് കരച്ചില്‍ വന്നു. മുറിവില്‍ മുളക് പുരട്ടാനെല്ലേ കൂട്ടുകാര്‍ക്ക് അറിയൂ!
സാറേ..ഈ വിവേക് കൈ മുറിച്ചു……..വിളിച്ചി കൂവി..
ആര്‍പ്പും വിളിയുമായി അവന്മാര്‍ റ്റീച്ചേര്സ് റൂമിലേക്ക് ഓടിയപ്പോള്‍ എന്‍റെ തലയുടെ ഉള്ളില്‍ എവിടെയോ ചുവന്ന നിറമുള്ള വാകമരങ്ങള്‍ കാറ്റില്‍ കടപുഴകി വീഴാന്‍ തുടങ്ങി. ഞാന്‍ ഇരുട്ടിലേക്ക് വീണു പോയി.
ഇരുളിന്‍റെ തിരശ്ശീല മാറ്റി ഉണരുമ്പോള്‍ സ്റ്റാഫ് റൂമിലെ തടിയന്‍ ബെഞ്ചില്‍ കിടക്കുകയാണ് ഞാന്‍. തൊട്ടടുത്ത് കസേരയില്‍ ഷാജി സാര്‍ ഇരിപ്പുണ്ട്. പഞ്ഞിയില്‍ മുക്കിയ ഡെറ്റോള് കൊണ്ട് കൈ വിരലിലെ വാകപ്പൂക്കള്‍ പറിച്ചു മാറ്റിയപ്പോള്‍ വല്ലാണ്ട് നീറി വിരലിലൊരു ബാന്‍ഡ് എയിഡ് ഒട്ടിച്ചു തന്നിട്ട് എന്‍റെ കയ്യില്‍ പിടിച്ച് മുറ്റത്തേക്കിറങ്ങി.
കൂട്ടുകാരെല്ലാം ഒപ്പം കൂടി.
സാർ പറഞ്ഞു ചോര വന്നാലും നാളെ ആകുമ്പോള്‍ കരിയും, വേദനയും പോകും. ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?
അതൊരു പാഠമായിരുന്നു. മുറിവുകള്‍ നിസ്സാരമെന്നു വിശ്വസിക്കാന്‍ കഴിയുന്നത് അന്ന് ആദ്യം…!
കല്ല് പെന്‍സിലിനെ പ്രണയിച്ച് കൊതിതീരാത്ത ഞാന്‍ എഴുതി പഠിച്ച അക്ഷരങ്ങള്‍, ഇന്ന് വാളും ചിലമ്പുമേന്തുന്ന മഷിക്കുടുക്കയായി പുനര്‍ജ്ജനിച്ചപ്പോള്‍, അകലയല്ലാത്തൊരകലെ നിന്നും കുടമണികള്‍ കിലുങ്ങുന്ന കുതിരവണ്ടിയില്‍ അറിവിന്‍റെ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന എന്‍റെ ഗുരുക്കന്മാര്‍…
അമ്പിളിയമ്മാവാ താമരക്കുമ്പിളില്‍ എന്തുണ്ട് എന്ന് കര്‍ക്കിടക മഴയെ തോല്‍പ്പിച്ചു ഉച്ചത്തില്‍ പാടിയും ഒരു കുടം വെള്ളം കോരാന്‍ ജാക്കും ജില്ലും ഓടിക്കേറിയ പുല്‍മേട്ടില്‍ കുറെവട്ടം ഉരുണ്ടു വീണും, കുമാരനാശാന്‍ പാടിയ വീണപൂവിന്‍റെ സങ്കടം കണ്ടു കണ്ണ് നിറച്ചും, ഉച്ചി പുകയുന്ന മീനച്ചൂടില്‍ വിളറിവിയര്‍ത്തു കിടക്കുന്ന നാട്ടു വഴികളിലൂടെ നാരങ്ങാ മിട്ടായിയുടെ മധുരം നുണഞ്ഞും ഞാന്‍ നടന്ന ഓര്‍മ്മകളുടെ സുഖദമായ എത്ര എത്ര നിമിഷങ്ങള്‍. വെയില്‍ കൊണ്ട് മധുരം നുണഞ്ഞു നടന്നതോര്‍ത്തപ്പോള്‍ ഒരു കഷ്ണം സൂര്യനെ നാവിലിട്ട് അലിയിയിച്ച സുഖം തോന്നുണ്ട് ഇപ്പോള്‍.
ഒരു വിദൂര സാധ്യതയിലെങ്കിലും കുട്ടിക്കാലത്തേക്ക് മടങ്ങി ചെല്ലാന്‍ പണ്ട് ഞാന്‍ ഉരുണ്ടു വീണ നടവഴികളും, ഞാന്‍ കല്ലെറിഞ്ഞ മാവുകളും ഞാന്‍ കളിച്ചു കൊതി തീരും മുന്‍പേ കളഞ്ഞു പോയ നൂല്‍പ്പമ്പരവും, ചരട് പൊട്ടി ചിണുങ്ങി വീണ കടലാസ്സു പട്ടവും എണ്ണിത്തീര്‍ക്കാതെ മണ്‍കുടുക്കയില്‍ ബാക്കി വച്ച മഞ്ചാടിക്കുരുവും, ഓര്‍മകളുടെ മഴവില്ലഴികളുടെ അപ്പുറത്ത് നിന്നും പലപ്പോഴും എന്നെ
പിന്‍വിളിക്കാറുണ്ട്………
ഇളവെയിലിന്‍റെ ഘടികാര നിഴലുകള്‍ വീണു കിടക്കുന്ന ഈ നീളന്‍ വരാന്തയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കവിളില്‍ മഷിചാലിച്ചെഴുതുന്ന കര്‍ക്കിടക മേഘം കണ്ട ആണ്‍ മയിലിനെ പോലെ ഓര്‍മ്മ മഴയുടെ തോരാ നൂലിഴകള്‍ക്കൊപ്പം മനസ്സും നൃത്തം ചെയ്യും പോലെ തോന്നി…!
വിവേക് വയനാട്