കല്‍പ്പറ്റ : ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നല്‍കല്‍, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തു ന്നതിനായി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശ രേഖ നല്‍കുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനുമുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.സി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 477 പേര്‍ക്കും ഭവനരഹിതരായ 1059 പേര്‍ക്കും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികള്‍ മുഖേന ധനസഹായം ലഭിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 125 കൂടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉള്‍പ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ 215 കുടുംബങ്ങളിലായി 1084 ദുര്‍ബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. *കുട്ടികളുടെ തുടര്‍ പഠനം ഉറപ്പാക്കും* പത്താം തരം പാസായ വിദ്യാര്‍ത്ഥികളില്‍ തുടര്‍പഠനത്തിന് അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ കൃത്യമായ എണ്ണം അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗം എന്നിങ്ങനെ തരംതിരിച്ചുളള കണക്കാണ് സമര്‍പ്പിക്കേണ്ടത്. ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി അധിക സീറ്റുകള്‍ ലഭ്യമാക്കുന്നതിനുളള സാധ്യതയും പരിശോധിക്കും. ജില്ലയില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കിയതും, ഈ വര്‍ഷം പ്രവേശനം ലഭിച്ചതുമായ എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിവര ശേഖരണം നടത്തുകയും അവര്‍ക്ക് ജോലി ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. വൈത്തിരി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കുകയും, നിലവിലുള്ള കുട്ടികളുടെ വിവര ശേഖരണം നടത്തി അവര്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിച്ച് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായങ്ങള്‍ യഥാസമയം അനുവദിക്കുകയും ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. *ഭവന നിര്‍മ്മാണങ്ങളില്‍ കാതലായ മാറ്റം വേണം* ഭൂരിഭാഗം പട്ടികവര്‍ഗ്ഗ ഭവന നിര്‍മ്മാണങ്ങളും ഉദ്ദേശിച്ച ഫലം നേടിയില്ല. ഗുണനിലവാരക്കുറവ് മൂലം പല വീടുകളും വാസയോഗ്യമല്ലാതായി. മേഖലയിലെ സൊസൈറ്റികള്‍ക്കും മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭവന നിര്‍മ്മാണങ്ങളിലും മറ്റും ആദിവാസി വിഭാഗങ്ങളില്‍ തന്നെയുളള അഭ്യസ്തവിദ്യരായവരെയും സന്നദ്ധ സേവന മനസോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറുളള വിദഗ്ധരെയും കണ്ടെത്തി അവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ പഞ്ചായത്തിലും ഇത്തരത്തില്‍ മാതൃക പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടിക വര്‍ഗ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കി. *വായ്പാ വിതരണം വിപുലമാക്കും* സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് മുഖേന സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി അഞ്ച് വര്‍ഷത്തിനിടയില്‍ 32,10,13,150 രൂപ അനുവദിച്ചു. എസ്.സി. എസ്.ടി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷം 3.10 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ സ്വയം തൊഴില്‍ വായപയായി 2.5 കോടി രൂപ ചെലവിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്ത ജില്ലയും വയനാടാണ്. അഞ്ച് വര്‍ഷകാലയളവില്‍ 20 കോടി രൂപ വിതരണം ചെയ്തതില്‍ 12 കോടി രൂപ പട്ടിക വര്‍ഗത്തിനും 8 കോടി പട്ടികജാതി വിഭാഗങ്ങള്‍ക്കുമാണ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി വികസന വകുപ്പ് എന്നിവ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും. യോഗത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മേധാവികള്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വാണീദാസ് , ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണപ്രകാശ് എന്നിവരും പങ്കെടുത്തു.