അഫ്ഗാൻ വാർത്തകൾ നെഞ്ചിടിപ്പോടെ കാണുന്ന ഒരാൾ വയനാട് വെള്ളമുണ്ട ഗ്രാമത്തിലുമുണ്ട്..! രണ്ടരവർഷത്തോളം അമേരിക്കൻ സൈന്യത്തിന്റെ കൂടാരങ്ങളിൽ സാഹസികമായി ജോലിചെയ്തു ജീവിച്ച ഒരു യുവാവ്. താലിബാൻ അഫ്ഗാനെ പൂർണമായും കൈയടക്കുമ്പോൾ മൊതക്കര നെല്ലിക്കൽ സുഭാഷിന് എല്ലാം നടുക്കുന്ന ഓർമകളാണ്. വെള്ളമുണ്ട എട്ടേന്നാലിൽ ഓട്ടോ ഓടിച്ചു ജീവിതം കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കാലം. ഗൾഫിൽ ജോലി തരപ്പെടുത്തുകയെന്ന ആഗ്രഹം കൊച്ചിയിലെ ഏജന്റിന്റെ അരികിലെത്തിച്ചു. 2009 സെപ്റ്റംബറിലെ ഈ യാത്രയാണ് സുഭാഷിനെ അഫ്ഗാനിലെ യു.എസ്. സൈന്യത്തിന്റെ ടെന്റുകളിലെത്തിച്ചത്.
കുവൈത്തിൽ വിമാനം ഇറങ്ങിയശേഷം ഒരു ഫിലിപ്പീൻസുകാരൻ കൂട്ടാൻ വന്നു. നേരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കായിരുന്നു യാത്ര. പതിനഞ്ചു ദിവസത്തോളം അവിടെ തങ്ങി. അവിടെനിന്ന് എത്തിച്ചത് ഒരു വിമാനത്താവളത്തിലായിരുന്നു. യു.എസ്. ആർമി എന്നെഴുതിയ യുദ്ധവിമാനം തൊട്ടുമുന്നിൽ കണ്ട് ആദ്യം ഒന്നു ഞെട്ടി. വിമാനം ഉയർന്നുപൊങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടി. വിമാനത്തിലെ ലൈറ്റുകളെല്ലാം ഓഫായി. ശബ്ദമുണ്ടാക്കാതെ വേണം പുറത്തിറങ്ങാൻ എന്ന അറിയിപ്പും വന്നു. കാണ്ഡഹാർ മരുഭൂമിയിലാണ് കാലുകുത്തിയതെന്ന് വൈകിയാണ് അറിഞ്ഞത്. അമ്പതിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അനേകം ടെന്റുകൾക്കിടയിലായിരുന്നു പിന്നത്തെ ജീവിതം. സൈന്യത്തിന്റെ സഹായിയായി. യുദ്ധസമാനമായ കാഴ്ചകൾ മാത്രമാണ് ചുറ്റിലുമുള്ളത്. കൂറ്റൻ ടാങ്കറുകളും സന്നാഹങ്ങളുമെല്ലാം ഞെട്ടിച്ചു. മുന്നറിയിപ്പുകൾ വരുമ്പോഴൊക്കെയും അതിസുരക്ഷാ ബങ്കറുകളിലേക്ക് ഓടണം. കുറച്ച് ദിവസങ്ങൾക്കകം എല്ലാം ശീലമായി.
എട്ടുമണിക്കൂറാണ് ജോലിസമയം. ബാക്കി സമയം അതിനുള്ളിൽത്തന്നെ വിശ്രമിക്കാം. പുറത്തേക്ക് പോകാൻ അനുവാദമില്ല. അതിവിദൂരത്തുനിന്നും വരുന്ന വിമാനങ്ങളെ പോലും നിരീക്ഷിക്കുന്ന ക്യാമറക്കണ്ണുകൾ ഉണ്ടായിരുന്നു എല്ലായിടത്തും. കുടിവെള്ളം മുതൽ ഭക്ഷ്യവസ്തുക്കളെല്ലാം സീൽ ചെയ്താണ് ക്യാമ്പുകളിൽ എത്തിക്കുക. കൂറ്റൻ വിമാനങ്ങൾ ഇതിനായി ഇടക്കിടെ വന്നിറങ്ങും.
രണ്ടര വർഷത്തിനിടയിൽ രണ്ടുതവണ നാട്ടിൽ വന്നു മടങ്ങി. ജോലിയുടെ സാഹസികതകളൊന്നും പുറത്ത് അധികം പറഞ്ഞില്ല. മൂന്നാംതവണ വീട്ടിലേക്ക് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പാണ് സൈനിക കേന്ദ്രത്തിൽ താലിബാൻ പോരാളികൾ എത്തിയത്. ബങ്കറിലേക്ക് മാറാൻ അറിയിപ്പ് വന്നതും സൈന്യം ആക്രമണം തുടർന്നു. എട്ടുമണിക്കൂറോളം ബങ്കറിലായിരുന്നു എല്ലാവരും. സൈന്യം താലിബാൻ പോരാളികളെയെല്ലാം വധിച്ചു. ഈ ദുരന്ത കാഴ്ചകൾ അന്നു ഫോണിൽ പതിഞ്ഞു. നാട്ടിലെത്തി വീട്ടുകാർ ഇത് കാണാനിടയായതോടെ ഇനി അങ്ങോട്ടില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു സുഭാഷ്. കൃഷിയും ഓട്ടോറിക്ഷയും വീണ്ടും ജീവിത മാർഗമാക്കി. അന്ന് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരുടെ ഫോണിൽ കഴിഞ്ഞ ദിവസം വിളിച്ചുനോക്കി. മറുതലയ്ക്കലിൽ പ്രതികരണമൊന്നുമുണ്ടായില്ല…!
കടപ്പാട്ഃ
രമേഷ് കുമാർ വെള്ളമുണ്ട