മുന്‍ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫ് സാമാജികന് പുറക് വശത്തുകൂടി തനിക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ ശാരീരികമായി ആക്രമിച്ചെന്ന് മുന്‍ എംഎല്‍എ ജമീല പ്രകാശം. അന്നത്തെ സംഭവം മറക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയിട്ടും പൊലീസ് മുന്നോട്ട് പോയില്ലെന്നും ജമീല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ജമീല.
‘സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ആ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കഴിയാതെ വന്നതോടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥന് വന്ന് ഇദ്ദേഹത്തെ ചെറിയൊരു കൈപ്രയോഗം നടത്തിയാണ് എന്നെ അതില്‍ നിന്നും വിടീക്കുന്നത്. ഇതെല്ലാം എല്ലാവരും കണ്ടതാണ്. പരിപാവനത്വം എന്ന് പറയുന്നത് അവിടെ ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ.?’ ജമീല പ്രകാശം ചോദിച്ചു.കയ്യാങ്കളി കേസ് കൊടുത്ത അതേ ലജിസ്ലേറ്റര്‍ ഓഫ് സെക്രട്ടറിയേറ്റിന് തന്നെ തന്റെ പരാതിയും ഉണ്ടെന്നും അത് എന്തുകൊണ്ട് പരിഗണിച്ചില്ലായെന്നും ജമീല പ്രകാശം ചോദിക്കുന്നു.
‘യുഡിഎഫുകാര്‍ രാജി ചോദിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് അന്ന് എന്നെ ഉപദ്രവിച്ച നേതാവിനെ എന്തുകൊണ്ട് പുറത്താക്കിയില്ല. ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. അത് ആദ്യം പറയണം. ഒരു സ്ത്രീ ആയതു കൊണ്ടാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. ഞാനവിടെ കാറ്റു കൊള്ളാന്‍ പോയതല്ല. സിനിമ കാണാന്‍ പോയതല്ല. അന്നത്തെ മുഖ്യമന്ത്രിയാണ് എന്റെ ഒന്നാം സാക്ഷി.’ എന്നും ജമീല പ്രകാശം പറഞ്ഞു.