പ്രണയം തകരാതിരിക്കാൻ കൈകളിൽ വിലങ്ങണിഞ്ഞു ജീവിച്ചത് 123 നാൾ; ഒടുവിൽ വേർപിരിഞ്ഞ് കമിതാക്കൾ

Wide Live Special

ഭാന്ത്ര് പിടിച്ചാൽ ചങ്ങലയ്ക്കിടാറുണ്ട്. എന്നാൽ, പ്രേമം തലയിൽ കയറി ചങ്ങലയ്ക്കിടുന്നത് കേട്ടിട്ടുണ്ടോ?! ഉക്രൈനിലെ കമിതാക്കളാണ് പ്രണയം തകരാതിരിക്കാനെന്നു പറഞ്ഞു പരസ്പരം കൈകൾ ചേർത്തുപിടിച്ച് വിലങ്ങില്‍ ബന്ധിപ്പിച്ചത്. എന്നാലോ, അധികം സഹിക്കാനാകാതെ ഒടുവില്‍ ഇരുവരും പിരിയുകയും ചെയ്തു!
ഉക്രൈനിലെ കിഴക്കൻ നഗരമായ ഖാർകിവിൽനിന്നുള്ള അലെക്‌സാണ്ടർ കുഡ്‌ലേയുടെതും വിക്ടോറിയ പുസ്റ്റോവിറ്റോവയുടേതുമാണ് ഈ കൗതുകകരമായ പ്രണയകഥ. മറ്റു പലരെയും പോലെ പ്രണയവും പിരിയലുമെല്ലാം ഇരുവരുടെയും ജീവിതത്തിലുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇനിയുമൊരു വേർപിരിയലിനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ രണ്ടുപേരും വിചിത്രകരമായ തീരുമാനമെടുത്തത്. ഒരുനിലയ്ക്കും വേർപിരിയാനാകാത്ത തരത്തിൽ മുഴുസമയം ഒന്നിച്ചുകഴിയാമെന്ന ചിന്തയിൽ രണ്ടുപേരും പരസ്പരം കൈകൾ ചങ്ങലയ്ക്കിട്ടു.തുടർന്നങ്ങോട്ട് ലോകത്ത് ഒരു കമിതാക്കളും അനുഭവിക്കാത്ത പരീക്ഷണങ്ങളുടെ ജീവിതമായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള പലചരക്കുകൾ വാങ്ങുന്നതു മുതൽ ഭക്ഷണമുണ്ടാക്കുന്നതും സിഗരറ്റ് വലിക്കുന്നതുവരെ ഒരുമിച്ച്. ടോയ്‌ലെറ്റിൽ പോകുന്നതും കുളിക്കുന്നതും അതെ. അങ്ങനെ രാവിലെ എണീറ്റാൽ രാത്രി കിടക്കയിൽ ഉറങ്ങാൻ കിടയ്ക്കുന്നതുവരെ മുഴുവൻ ദൈനംദിന വൃത്തികളും ഒരുമിച്ചായിരുന്നു ഈ കമിതാക്കള്‍ ചെയ്തത്. നൂറുദിവസവും ഈ പരീക്ഷണഘട്ടം കടന്നു.ഒടുവിൽ പുസ്റ്റോവിറ്റോവയാണ് ആദ്യമായി ഈ ജീവിതം അവസാനിപ്പിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത്. മടുത്തു ഈ ജീവിതമെന്നായിരുന്നു പ്രതികരണം. അങ്ങനെ 123 ദിവസങ്ങൾക്കുശേഷം ഇരുവരും ചങ്ങല വിച്ഛേദിച്ച് വേർപിരിയുകയും ചെയ്തു!
ഇത്തരമൊരു പരീക്ഷണത്തിന് ലോകത്ത് ഇനിയൊരാളും മുതിരരുതെന്നതാണ് ഈ ജീവിതത്തിന്റെ പാഠമായി പറയാനുള്ളതെന്നാണ് പുസ്റ്റോവിറ്റോവ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. സ്വകാര്യ ഇടമില്ലാത്തതായിരുന്നു ഇത്രയും നാൾ ഏറ്റവും കൂടുതൽ അനുഭവിച്ചതെന്ന് അവർ പറയുന്നു. എന്നാൽ, വിലങ്ങണിഞ്ഞതിനാല്‍ എപ്പോഴും കൂടെയുണ്ടായിട്ടും കാമുകൻ തന്നെ തീരെ ശ്രദ്ധിച്ചിരുന്നില്ലെന്നും 29കാരി പരിഭവം പറയുന്നു. ”ഇത്രയുംനാൾ ഒരിക്കൽ പോലും ‘ഐ മിസ് യു’ എന്ന് അവൻ പറഞ്ഞില്ല; ഞാനതു കേൾക്കാൻ കൊതിക്കുകയായിരുന്നു”; പുസ്റ്റോവിറ്റോവ പറയുന്നു.
എന്നാൽ, ഈ വിലങ്ങുജീവിതത്തിൽ കുഡ്‌ലേയ്ക്ക് ഇപ്പോഴും ഖേദമൊന്നുമില്ല. ഏറ്റവും ചുരുങ്ങിയത് രണ്ടുപേരും സമാനമനസ്‌കരല്ലെന്നെങ്കിലും തിരിച്ചറിയാനായില്ലേയെന്നാണ് 33കാരന്റെ അഭിപ്രായം. ”ഒരേ മനോഗതിക്കാരായിരുന്നില്ല ഞങ്ങൾ രണ്ടുപേരും. തീർത്തും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു” അലെക്‌സാണ്ടർ കുഡ്‌ലേ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *