ഹിന്ദി ഹൃദയഭൂമിയിൽ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി

National

കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി അഭിപ്രായ സർവേയും. ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി സർക്കാരാണെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ നടത്തിയ സർവേയിലാണ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയത്. ബിജെപിക്ക് കൂടുതൽ വേരോട്ടമുള്ള ഹിന്ദി സംസാരഭാഷയായ ആറു സംസ്ഥാനങ്ങളിലായി 15,000 പേർക്കിടയിലാണ് സർവേ നടത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിലുള്ള 967 നിയമസഭാ മണ്ഡലങ്ങളായിരുന്നു പ്രിന്റ് സർവേക്കായി തിരഞ്ഞെടുത്തത്.സർവേയിൽ പങ്കെടുത്തതിൽ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണ്. 52 ശതമാനം യുവാക്കളും 36 ശതമാനം മധ്യവയസ്‌കരുമാണ്. 12 ശതമാനം യുവാക്കളും. പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് സർവേ ഉയർത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിങ്ങളുടെ കുടുംബത്തിലോ ഗ്രാമത്തിലോ കോവിഡ് ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ആരാണ് നിങ്ങളുടെ ഈ നഷ്ടത്തിന് ഉത്തരവാദി എന്നായിരുന്നു രണ്ടു ചോദ്യങ്ങൾ.കോവിഡ് മരണങ്ങൾക്ക് ഉത്തരവാദി മോദി സർക്കാരാണോ സംസ്ഥാന സർക്കാരാനോ അതോ വിധി മാത്രമാണോ എന്നായിരുന്നു രണ്ടാം ഭാഗത്തെ അനുബന്ധ ചോദ്യം. ഇതിൽ 42 ശതമാനം പേരും കുറ്റപ്പെടുത്തിയിരിക്കുന്നത് മോദി സർക്കാരിനെയാണ്. 39 ശതമാനം പേർ എല്ലാം വിധിയാണെന്ന് സ്വയം അംഗീകരിക്കുന്നു. 19 ശതമാനം പേർ സംസ്ഥാന സർക്കാരുകളെയും കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *