നശിച്ച മൂഡോഫ്. മനസ്സ്ആകെ ഡൗൺ ആയ അവസ്ഥ. പക്ഷെ ചെയ്തു തീർക്കാനാണെങ്കിൽ നൂറായിരം ജോലികളും. ഇത്തരമൊരു അവസ്ഥയിൽ സ്വയം രക്ഷിക്കാൻ ചില സെൽഫ് തെറാപ്പികൾ ഉണ്ട് . മനസ്സ് ഡാർക്ക് അടിക്കുമ്പോഴൊക്കെ ഈ ടിപ്സ് പരീക്ഷിക്കാം
ചിലപ്പോൾ ഫോണിലൂടെ വന്ന ഒരു മെസേജ് ആവാം നിങ്ങളുടെ മനസ്സിലെ വെളിച്ചം കെടുത്തിയത്. അല്ലെങ്കിൽ മേലധികാരിയുടെ വക കിട്ടിയ ഒരു ശകാരം. വീട്ടിൽ ഉണ്ടായ ഒരു കശപിശ. സംഗതി ഏതുമാവട്ടെ ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കുകയാണെങ്കിൽ അപ്പോൾ എഴുന്നേൽക്കണം. ഒന്ന് ചുമ്മാ നിവരുകയും കുനിയുകയും ചെയ്യണം. നിലത്ത് വീണുപോയ വല്ല പേനയോ പേപ്പറോ എടുക്കും പോലെ ഒരു ആക്ഷൻ ഇട്ടാൽ മതി. ഇനി അടുത്ത് ഒരു സ്റ്റെയർ കേസുണ്ടെങ്കിൽ ഭേഷായി. ഒന്ന് കയറി ഇറങ്ങിയാട്ടെ.കാരണം ഇളകുന്ന ശരീരം സന്തുഷ്ടിയിലേക്കുള്ള ആദ്യപടിയാണ്
ഇടയ്ക്കിടെ ഇമോഷണൽ ബ്രേക്ക് ഡൗണുകൾ ഉണ്ടാകുന്നവരാണോ നിങ്ങൾ ?എങ്കിൽ നിങ്ങൾക്ക് ഒരു കാമുകനെ ആവശ്യമുണ്ട്. പോസിറ്റീവ് എനർജിയുടെ കൂടാരമായ സൂര്യൻ! അതിരാവിലെ അല്പം വെയിൽ കൊള്ളുന്ന ശീലക്കാർക്ക് എനർജി ലെവൽ അധികം ആയിരിക്കും. മൂഡോഫ് വരുമ്പോൾ ഒന്ന് പുറത്തിറങ്ങി നടന്നു നോക്കൂ. സൂര്യപ്രകാശം നിങ്ങളുടെ മനസ്സിലെ ഇരുട്ടിനെ ദൂരേക്ക് ആട്ടിയോടിക്കുന്നത് അനുഭവിച്ചറിയാം
ചെയ്യാം ചെയ്യാം എന്ന് കരുതി കുറെ നാളായി ബാക്കി വെച്ച വല്ല ജോലികളും ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ അതൊക്കെ ചെയ്യാൻ പറ്റിയ സുവർണ കാലമാണ് വന്നിരിക്കുന്നത്. ജോലി എന്തുമാവാം… തയ്യൽക്കടയിൽ എത്തിക്കാനുള്ള ഒരു തുണി മുതൽ അടയ്ക്കാതെ വെച്ച അണപ്പല്ലിന്റെ പൊത്ത് വരെ അതിൽപെടും. പെട്ടെന്ന് പുറത്തേക്ക് ഇറങ്ങൂ. ആ പണി ഇന്ന് തന്നെ ചെയ്തു തീർക്കൂ. ബാക്കി വെച്ച ജോലികൾ ചെയ്തു തീർക്കുമ്പോൾ മനസ്സിൽ അനുഭവപ്പെടുന്ന ലാഘവത്വം ആസ്വദിക്കാം
സുഹൃത്തിന് ചുമ്മാ ഒരു മെസേജ് അയക്കൂ. അല്ലെങ്കിൽ ഒരു മെയിൽ ഇടൂ. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിൽ അതും പറഞ്ഞാവാം മെസേജ്. ചങ്ങാതിയുടെ റിപ്ലേ നിങ്ങളെ ഒന്നുണർത്തും. നേരവും കാലവും ഓക്കേ ആണെങ്കിൽ ഒരു ഫോൺകോൾ ആവാം. ഇനി ക്ളോസ് ഫ്രണ്ട്സ് ഒക്കെ പരിധിക്കു പുറത്താണെങ്കിൽ ഏതെങ്കിലും ഒരു സഹജീവിയോടാവാം സംസാരം. കാരണം ഒന്ന് മിണ്ടിപ്പറഞ്ഞാൽ അലിഞ്ഞുപോകാവുന്നതേയുള്ളൂ ഏത് ഡാർക്ക് മൂഡും. നമ്മൾ സാമൂഹ്യ ജീവികൾ ആണ്. സമൂഹബന്ധങ്ങൾ മനുഷ്യമനസ്സിന്റെ ഒറ്റപ്പെടലിനുള്ള കൺകണ്ട ഔഷധമാണ്. അതാണ് മറക്കരുതാത്ത തിയറി.
സാഹചര്യം ഓക്കേ ആണെങ്കിൽ പ്ലാൻ ചെയ്യൂ ഒരു യാത്ര. ദൂരേക്ക് പോവുമ്പോൾ നമ്മൾ കയ്യിൽ കിട്ടിയതെല്ലാം കൂടെ കൊണ്ട് പോവില്ല. മൂഡോഫുകളും അതിൽ പെടും. മോശം മാനസികാവസ്ഥയെ വഴിയിൽ ഉപേക്ഷിച്ചേ നമ്മൾ യാത്ര തുടരൂ. കാരണം യാത്രയിൽ ആവശ്യമില്ലാത്ത ഒരു ലഗ്ഗേജിനേയും മനസ്സ് ചുമക്കില്ല. എത്ര വലിയ വിഷമങ്ങളും ദുഃഖങ്ങളും ഒരു യാത്രയിൽ അലിഞ്ഞില്ലാതാവും
ആരെയെങ്കിലും സഹായിക്കാൻ ഒരു അവസരം കിട്ടിയാൽ പിന്നെ മുന്നും പിന്നും നോക്കരുത്. അപ്പൊ കേറി കൂടെ നിന്നേക്കണം. പരോപകാരം ചില്ലറക്കാര്യമല്ല. നമ്മൾ കാരണം ആളുകൾ ഹാപ്പി ആവുന്നത് കാണുന്നതിലും വലിയ ആനന്ദങ്ങൾ ഭൂമിയിൽ വേറെയില്ല. പരോപകാരമേ പുണ്യം, പാപമേ പര പീഡനം എന്ന് ഇതിഹാസങ്ങൾ പറഞ്ഞു തന്നത് ഇതിനുവേണ്ടിക്കൂടിയാണ്. അന്യനെ സന്തോഷിപ്പിക്കുന്നതിലൂടെ സ്വയം സന്തുഷ്ടരാവാൻ.