അവരുടെ അസ്തമയങ്ങൾക്ക് കാവി നിറമായിരിക്കുന്നു

Poems

ഡോലിപാട്ട്…
അവരുടെ ചുറ്റിനുമുള്ള
നീലജലാശയത്തെക്കുറിച്ച്
പവിഴപ്പുറ്റുകളെക്കുറിച്ച്
കാരിഫെട്ടുകളെക്കുറിച്ച്
നൂൽവാലൻ ചിത്രശലഭ
മത്സ്യങ്ങളെക്കുറിച്ച്
അവർ പാടിക്കൊണ്ടേയിരിക്കുന്നു.

സംസ്കൃതിയുടെ
പട്ടുനൂൽപ്പുഴുക്കൾ
നെയ്തെടുത്ത സ്വർണ്ണനാരുകൾ
അടർത്തിമാറ്റാനാവാത്ത
വസ്ത്രമാണവർക്ക്

അവരുടെ നീലക്കടലിൽ
ആരോ വിഷംകലർത്തുന്നു.
അവരുടെ കാരിഫെട്ടുകളെ
തടവിലാക്കുന്നു.
അവരുടെ മത്സ്യക്കുഞ്ഞുങ്ങളെ
ചൂണ്ടയിട്ടു പിടിക്കുന്നു.
അവരുടെ അസ്തമയങ്ങൾക്ക്
കാവി നിറമായിരിക്കുന്നു.

ഒരു പാട്ടുകൊണ്ടാരെങ്കിലും
തുടങ്ങിവയ്ക്കൂ
ഏറ്റുപാട്ടുകളുടെ
നക്ഷത്രങ്ങൾകൊണ്ട്
അവരുടെ ആകാശത്തെ
നമുക്ക് വെളിച്ചപ്പെടുത്താം

എഴുതിയത്;
ആരിഫ്തണലോട്ട്

Leave a Reply

Your email address will not be published. Required fields are marked *