ശാസ്ത്രത്തിനു ചെവി കൊടുക്കാത്ത ഭരണകൂട നിലപാടുകളാണ് കോവിഡ് മഹാമാരിയെ ആഗോള ദുരന്തമാക്കിയ ഘടകങ്ങളിലൊന്ന് എന്ന ആഗോള പാനലിന്റെ റിപ്പോർട്ട് പുറത്തുവന്ന ആഴ്ചയിൽ കോവിഡുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന സംഭവങ്ങൾ കൂടി ഇന്ത്യയിലുണ്ടായി. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ.ഷാഹിദ് ജമീൽ ഇന്ത്യൻ സാർസ് -കോവ് – 2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സമർപ്പിച്ചു എന്നതായിരുന്നു ആദ്യത്തേത്. 2021 മെയ് 17 തിങ്കളാഴ്ച ദിവസം 4334 കോവിഡ് മരണങ്ങൾ ഇന്ത്യയിലുണ്ടായി. കോവിഡ്- 19 രോഗബാധക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് ആയിരുന്നു അത്.ഡോ. ഷാഹിദ് ജമീൽ രാജിവെച്ചതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും സർക്കാരിൽ നിന്നുള്ള സമ്മർദ്ദവും, അഭിപ്രായ വ്യത്യാസവുമാണ് കാരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. അശോക സർവകലായിലെ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസസിന്റെ ഡയറക്ടറായ ജമീലിന് കോവിഡ് 19 കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനകളുണ്ട്.രാജ്യത്തെ 10 ലബോറട്ടറികളെ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ, ഇന്ത്യൻ സാർസ്- കോവ് – 2 ജീനോമിക്സ് കൺസോർഷ്യത്തിന് ( INSACOG) രൂപം കൊടുത്തിരിക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഇവരുടെ ലക്ഷ്യം. കോവിഡിന്റെ വ്യാപനം അതിരൂക്ഷവും അപകടകരവുമായി തുടരുകയാണെതിന്റെ തെളിവുകളാണ് പ്രതിദിന രോഗബാധയുടെയും മരണത്തിന്റെയും നിരക്കുകൾ നൽകുന്നത്. രാജ്യത്തിന് മികച്ച ശാസ്ത്രജ്ഞരെ ഏറെ ആവശ്യമുള്ള നേരത്താണ് നിർഭയനും ആത്മാഭിമാനിയുമായ ഡോ. ഷാഹീദിനെ പോലെയുള്ളവരുടെ പടിയിറക്കമെന്നത് നിർഭാഗ്യകരമാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.2021 മെയ് 13-ന് ന്യൂയോർക്ക് ടൈംസ് പത്രത്തിൽ ഡോക്ടറെഴുതിയ ലേഖനത്തിൽ പറയുന്ന കാര്യങ്ങളാണ് സർക്കാരിനെ ചൊടിപ്പിച്ചതെന്നു കരുതപ്പെടുന്നുണ്ട്. എന്തായാലും രാജിവെച്ച് സ്ഥാനമൊഴിഞ്ഞെങ്കിലും പ്രസ്തുത ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രസക്തമായി നമ്മുടെ മുന്നിലുണ്ട്. താൻ ഉന്നയിക്കുന്ന പ്രശ്നങ്ങളെ പൊതുമണ്ഡലത്തിൽ ചർച്ചയാക്കാൻ രാജിയെന്ന നടപടി സഹായകരമാകുമെന്നും ഡോ.ഷാഹിദ് ജമീൽ ചിന്തിച്ചിട്ടുണ്ടാവും.സർക്കാരിന്റെ സമീപനങ്ങൾ ശാസ്ത്രീയമല്ലായെന്നതാണ് മുഖ്യമായ പ്രശ്നമെന്ന് ഡോക്ടറുടെ ലേഖനം സൂചിപ്പിക്കുന്നു. നയങ്ങൾ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുമല്ല. വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ കൂടുതൽ ഗവേഷണത്തിനായി ലബോറട്ടറികളിൽ ലഭ്യമായ വിവരങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായില്ല. ഡേറ്റകളുടെ ലഭ്യതയുണ്ടെങ്കിലേ ഗവേഷണം പുരോഗമിക്കുകയുള്ളൂ എന്നു കാണിച്ച് എണ്ണൂറോളം ഗവേഷകർ പ്രധാനമന്ത്രിക്ക് എഴുതിയെങ്കിലും നടപടിയുണ്ടായില്ലായെന്നതും ഇതോട് ചേർത്തു വായിക്കേണ്ടതാണ്.
