ഉദ്ഘാടനം..
മഴയാണിവിടെ.
ആർത്തലച്ച് പെയ്യുന്ന തകർപ്പൻ മഴ തന്നെയാണിവിടെ.
എന്നാൽ വെറും മഴയാണോയിത്.
ഒരു പക്ഷേ
ഇതൊരു പ്രളയത്തിൻ തുടക്കമാവാം.
മറ്റൊരു മഹാപ്രളയത്തിന്റെ ഉദ്ഘാടനമാവാം.
കഴിഞ്ഞ ഭീകരപ്രളയത്തിൻ കെടുതികൾ മറന്ന് തുടങ്ങിയ മനസ്സുകളിലേക്ക്
പിടച്ചിൽ നിലയ്ക്കാത്ത നടുക്കുന്ന ഓർമകളിലേക്ക് ഹൃദയവാതിൽ തുറക്കാനുള്ള
മറ്റൊരു പ്രളയത്തിൻ നാടമുറിക്കലാവാം.
പ്രളയത്തിനു ശേഷം നിശ്ശേഷം വറ്റിപ്പോയ, ജലസ്രോതസ്സുകൾക്കൊപ്പം വറ്റിവരണ്ട മനുഷ്യഹൃദയങ്ങളിൽ വീണ്ടും
സ്നേഹജലം നിറക്കാനുള്ള
ഈശ്വര വിദ്യയാവാം.
ലോകം മറന്നുപോയ കാരുണ്യവർഷ പ്രളയത്തെ,
ജാതിമതവർണവർഗ ഭാഷാദേശ വേർതിരിവുകളാൽ അകറ്റി മാറ്റപ്പെട്ട
ദുഷിച്ച മനസുകളെ
അർബുദപ്പുണ്ണ് നിറഞ്ഞ് പൊതിഞ്ഞ മനുഷ്യമൃഗങ്ങളെ
വീണ്ടും ഒരുമിപ്പിക്കാനുള്ള ഈശ്വരതന്ത്രമാകാം.
കൊടുംപ്രളയകാലത്ത് കണ്ണടച്ചു തുറക്കുന്ന മാത്രയിൽ നാഗരികതയുടെ സുഖലോലുപതയിൽ നിന്ന് ശിലായുഗത്തിൻ്റെ കഠിനതയിലേക്ക്
മനുഷ്യനെ മാറ്റിയ,
പ്രകാശവേഗത്തിൽ കുതിച്ചു പായും യന്ത്രവാഹനത്തിൽ നിന്ന്
കറുത്ത്കൊഴുത്ത പ്രളയജലപ്പരപ്പിൽ തുഴഞ്ഞുലഞ്ഞു
നീങ്ങും പൗരാണിക യാനത്തിലേക്ക് മനുഷ്യനെ മാറ്റിയ
ദൈവത്തിൻ ചിന്തയാവാം.
നിറയട്ടെ പ്രളയം.
എങ്ങും നിറയട്ടെ പ്രളയം.
ദുഷിച്ച മനസ്സുകൾ ഒന്നാവുമെങ്കിൽ
നശിച്ച മനുഷ്യർ നന്നാവുമെങ്കിൽ പ്രളയം തന്നെ പ്രണയം.
സാക്കിർ – സാക്കി
നിലമ്പൂർ