പാതിരാത്രി വീട്ടിലേക്ക് മടങ്ങുന്ന ബാലൻ

Reviews

‘മിഡ്നൈറ്റ്‌ റൺ’ (മലയാളം)…അർധരാത്രിയിൽ സ്വാതന്ത്രത്തിലേക്ക്‌ ഓടിയെത്തിയവരാണു ഇൻഡ്യൻ ജനത. ഭീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പാതിരാനിലങ്ങളിലൂടെ ഒരിന്ത്യൻ ബാലൻ നടത്തുന്ന ഉദ്വേഗഭരിതമായ കുതിച്ചോട്ടത്തിന്റെ കഥ പറയുന്ന രമ്യാ രാജിന്റെ കന്നി ഹ്രസ്വസിനിമ ‘മിഡ്നൈറ്റ്‌ റൺ’ മനോഹരമായ ഒരു ചലച്ചിത്രാനുഭവം മാത്രമല്ല, ആൺ ആധിപത്യം അരക്കിട്ടുറപ്പിച്ച്‌ നിലകൊള്ളുന്ന സിനിമാ ഇൻഡസ്‌ട്രിയിൽ വരും നാളുകളിൽ
വലിയ ഫോണ്ടിൽ സ്വന്തം പേരു അടയാളപ്പെടുത്തുമെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു മികച്ച സംവിധായികയുടെ കടന്നുവരവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണു. നിരവധി അന്തർ ദേശീയ ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യപ്പെട്ടിട്ടുള്ള ‘മിഡ്നൈറ്റ്‌ റൺ’ ഒ.ടി.ടി. റിലീസ് ആയത്‌‌ ‘സൈന പ്ലേ’യിൽ ആണു. (അറിയാത്തവർക്കായി: ആപ്‌ സ്റ്റോറിൽ/പ്ലേസ്റ്റോറിൽ നിന്ന് saina play ആപ്‌ ഡൗൺലോഡ്‌ ചെയ്യാവുന്നതാണു).ദിലീഷ്‌ പോത്തന്റെ കരിയർ ബെസ്റ്റ്‌ റോൾ നാളിതുവരെ കണ്ട സിനിമകളിലൊന്നുമായിരുന്നില്ല എന്നതാണു ‘മിഡ്നൈറ്റ്‌ റൺ’ കാത്തുവെച്ച ആദ്യ അത്ഭുതം. ദിലീഷിനൊപ്പം ‘ഗപ്പി’ ഫെയിം ചേതനും മറ്റൊരു കൊച്ചു മിടുക്കിയുമാണു ഈ ഹ്രസ്വ ചിത്രത്തിലെ അഭിനേതാക്കൾ.
താന്താങ്ങളുടെ മാറിവരുന്ന അവസ്ഥാന്തരങ്ങളിലേക്ക്‌ അവരുടെ മുൻ ഫീച്ചർ ഫിലിമുകളിൽ കണ്ടതിലുമേറെ
ആഴത്തിൽ ചെന്നിറങ്ങുവാൻ ‌ ദിലീഷിനും ചേതനും സാധിക്കുന്നു.ഒരു ത്രില്ലർ റോഡ്മൂവി ആയി പ്രത്യക്ഷപ്പെടുമ്പോൾ തന്നെ സൈക്കോളജിക്കലും പോളിറ്റിക്കലുമായ അന്തർധാരകൾ സംവിധായിക തന്നെ രചിച്ച തിരക്കഥയ്ക്ക്‌ കരുത്തേകുന്നു. രാവിന്റെ ഗൂഢനിറങ്ങളും മാറിമറിയുന്ന മാനസികഭാവങ്ങളും ലോറി ക്യാബിന്റെ അകത്തും പുറത്തും സുന്ദരമായി പകർത്തുന്നതിൽ
ഗിരീഷ്‌ ഗംഗാധർ, കിരൺ ദാസ്‌, രംഗനാഥ്‌ രവി, തുടങ്ങിയ പ്രഗത്ഭ കലാകാരന്മാർ നൽകുന്ന സംഭാവനകളും ചിത്രത്തിനു ഒരു ഷോർട്‌ ഫിലിമിൽ പ്രതീക്ഷിക്കുന്നതിലുമപ്പുറം സാങ്കേതികത്തികവ്‌ പകരുന്നു.പണിസ്ഥലത്ത്‌ നിന്നും പാതിരാത്രി വീട്ടിലേക്ക് മടങ്ങുന്ന ബാലനിലാണു ചിത്രം ആരംഭിക്കുന്നത്‌. അസുഖ ബാധിതയായ അമ്മയുടെയും കളിപ്പാട്ടം കാത്തിരിക്കുന്ന കുഞ്ഞനിയത്തിയുടെയും ഏക ആശ്രയമാണവൻ. എങ്ങിനെയെങ്കിലും വീട്‌ പിടിക്കുക എന്ന ലക്ഷ്യത്തോടെ അവൻ ഒരു ലോറിക്ക്‌ കൈകാണിക്കുകയും അതിൽ കയറിപ്പറ്റുകയും ചെയ്യുന്നു. അവിടുന്നങ്ങോട്ട്‌ ചിത്രത്തിന്റെ ലാസ്റ്റ്‌ ഷോട്ട്‌ വരെ (കഥയിലേക്ക്‌ ഒരു തരത്തിലും ഇവിടെ കടക്കാനാവില്ല)
ഉദ്വേഗവും നടുക്കവും ട്വിസ്റ്റുകളും കൊണ്ട്‌ പ്രേക്ഷകനെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കുവാനനുവദിക്കാതെ പിടിച്ചുനിർത്തുന്നതിൽ റൈറ്റർ ഡയരകടർ രമ്യാരാജ്‌ പ്രകടിപ്പിക്കുന്ന കൈയടക്കം അഭിനന്ദനീയം മാത്രമല്ല, അത്ഭുതാവഹം കൂടിയാണു. ഒരു കുട്ടിയും ഒരു ലോറി ഡ്രൈവറും എന്നതിനപ്പുറം അധികാരം/ചെറുത്തുനിൽപ്‌ എന്നീ ദ്വന്ദ്വങ്ങളുടെ മാറിമാറി വരുന്ന പ്രതിനിധികൾ കൂടിയാണവർ. ഭയം വിധേയത്വത്തെ മാത്രമല്ല ഉത്പാദിപ്പിക്കുക എന്ന തിരിച്ചറിവാണു ഓരോ ഇരയുടെയും, ഓരോ അധിനിവിഷ്ട ജനതയുടെയും, ചരിത്രവഴിയിലെ നിർണ്ണായകമായ വഴിത്തിരിവ്‌. അധികാരത്തിന്റെ, വേട്ടക്കാരന്റെ ഹിംസ്രാത്മകമായ മുഖം ഇടിഞ്ഞുവീഴാനും ഇരയുടെ ചെറുത്ത്‌നിൽപ്‌ പുതിയ അധികാരിയെ സൃഷ്ടിക്കുവാനും അധികം നാളുകളൊന്നും ആവശ്യമില്ലെന്നും അതേ ഉത്ഥാനപതനങ്ങൾ നിർബാധം ആവർത്തിച്ചുകൊണ്ടേയിരിക്കും എന്നുമുള്ള രാഷ്ട്രീയ ചരിത്രത്തിന്റെ ഏറ്റവും ലളിതമായ പാഠമാണു ‘മിഡ്നൈറ്റ്‌ റണ്ണി’ന്റെയും അന്തസ്സാരം. ഇൻഡ്യയുടെയും ലോകത്തിന്റെയും സന്നിഗ്ധമായ ഈ ചരിത്രസന്ദർഭത്തിൽ സുന്ദരമായ ഒരു ത്രില്ലറിനും മീതെ ഈ ഹ്രസ്വചിത്രത്തിന്റെ സ്വരം ദീർഘമായി മാറ്റൊലി കൊള്ളുമെന്നർത്ഥം.

കെ.സി. ഷൈജൽ വയനാട്

Leave a Reply

Your email address will not be published. Required fields are marked *