എൻ്റെ ഉപ്പയ്ക്ക് രണ്ട് ഭാര്യമാർ ആയിരുന്നു. അന്ന് മലബാറിൽ അത് വളരെ സാധാരണമായ ഒരു കാര്യമായിരുന്നു.പക്ഷെ അതോടെ അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുടെ ഉമ്മ നാട്ടിലുള്ള സ്വത്തു മുഴുവൻ ഉപ്പയുടെ ആദ്യ ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി എഴുതി. ഇവിടെ സാമ്പത്തികമായി വല്യ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് അതൊന്നും എൻ്റെ ഉമ്മയ്ക്ക് വലിയ പ്രശ്നം ഒന്നും ആയിരുന്നില്ല. അതു മാത്രമല്ല ഇവിടെ നിന്ന് മാസാമാസം വണ്ടി വിളിച്ച് വീട്ടു സാധനങ്ങൾ ഒക്കെ അവിടെ എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു.
ഒരു പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ഉപ്പാവ (ഉപ്പയെ അങ്ങനെയാണ് വിളിക്കാറ്) എന്നെയും കൂടെ കൂട്ടി. ഞാനന്ന് നാലോ അഞ്ചോ വയസ്സ് പ്രായം. ആദ്യം പോയത് ഉപ്പയുടെ തറവാട്ടിലാണ്. അവിടെ ഉപ്പാവയുടെ ഉമ്മയുടെ അനുജത്തി (അവരാണ് അദ്ദേഹത്തെ വളർത്തിയത്) ആണ് ഉണ്ടായിരുന്നത്.ഇവിടെ അവർ കുറെ കാലം വന്നു നിന്നത് കൊണ്ടും ഉമ്മ അവരെ നന്നായി നോക്കിയത് കൊണ്ടും എന്നെയും അവർ വളരെ കാര്യമായിട്ടാണ് നോക്കിയത്. ഞാനവരെ ‘ഞാഞാ’ എന്നാണ് വിളിക്കാറ്. ഒരു ദിവസം അവർ എന്നോട് പറഞ്ഞു നിൻ്റെ ഉപ്പാപ്പയ്ക്ക് വലിയൊരു ബംഗ്ലാവ് പോലുള്ള വീടുണ്ട് (അദ്ദേഹം ഭാര്യയ്ക്ക് എഴുതി കൊടുത്ത വീട് ) നിനക്കത് കാണണോ എന്ന്. അത് കേട്ടപ്പോൾ എനിക്കത് കാണാൻ വല്യ മോഹം ആയി.അങ്ങനെ ഞാഞ്ഞ അവരുടെ ഒരു ബന്ധുവിൻ്റെ കൂടെ എന്നെ ആ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.അവിടെ എത്തിയപ്പോൾ ഞാൻ അമ്പരന്ന് പോയി.വലിയൊരു കൊട്ടാരം. ഈ അറ്റത്തു നിന്നു നോക്കിയാൽ മറ്റെ അറ്റം കാണാത്ത അത്രയും വലുത്. അവിടെ ഷട്ടിൽ കോർട്ട്, പലതരം പക്ഷികൾ, ഓരോ വീടെന്ന് തോന്നിപ്പിക്കുന്ന അതിവിശാലമായ റൂമുകൾ ( ഓരോ റൂമിനും ഓരോ കളർ).. ആലീസ് അത്ഭുത ലോകത്ത് എത്തിയതുപോലെ ഞാനവിടെ ഓരോന്നും അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്. എന്നെ കൊണ്ടുപോയ കുഞ്ഞളിയൻ എന്നു വിളിക്കുന്ന ആൾ അവിടെ ഉള്ളവരോട് എന്തൊക്കെയോ പറയുന്നത് കേട്ട് അവരെന്നെ പുച്ഛത്തോടെ നോക്കുന്നു. പക്ഷെ അവരെന്തുകൊണ്ട് എന്നോടു മിണ്ടുന്നില്ല എന്നും എന്നെ വെറുപ്പോടെ നോക്കുന്നു എന്നൊന്നും അറിയാനുള്ള ബുദ്ധി എനിക്കില്ലായിരുന്നു.പക്ഷെ അതിനുള്ളിൽ വല്ലാത്തൊരു ശ്വാസംമുട്ടൽ എനിക്ക് അനുഭവപ്പെട്ടു. അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ഉള്ള ഒരു ത്വര എന്നിൽ ഉണ്ടായി. എന്നെ കൊണ്ടുപോയ കുഞ്ഞളിയനോട് എനിക്ക് ഇപ്പോൾ ഇവിടുന്ന് പോകണം എന്ന് പറഞ്ഞ് ഞാൻ വാശി പിടിച്ചു.. പക്ഷെ വലിയ ആ വീട്ടിൽ ഏത് വഴിക്കാണ് പുറത്തു കടക്കുക എന്നറിയാതെ ഞാനതിലൂടെ ഒക്കെ വെപ്രാളപ്പെട്ട് ഓടി നടന്നു.എന്തായാലും ആ അത്ഭുത ലോകത്തു നിന്നും അന്നു തന്നെ ഞാൻ തറവാട്ടിലേക്ക് തിരിച്ചു വന്നു. വരുമ്പോൾ കൂടെ വന്ന ആൾ എനിക്ക് ഒരു രൂപ തന്നിട്ട് പറഞ്ഞു അവിടെ ഉള്ളവർ തന്നതാണെന്ന്. ഞാനാ പൈസ വാങ്ങി.ചെറിയ കുട്ടിയല്ലെ എന്തറിയാനാ. അന്നൊരു 27-ാം രാവ് ആയിരുന്നു. സക്കാത്ത് എന്നു പറഞ്ഞാണ് അവരത് എനിക്ക് തന്നത്. ഞാൻ ആദ്യമായും അവസാനമായും വാങ്ങിയ സക്കാത്ത് പൈസ അതാണ്.
10 വർഷങ്ങൾക്ക് മുമ്പ് ഉപ്പ മരിച്ച ദിവസവും ഏഴിനും ആണ് ഞാനവിടെ പോകുന്നത്. മരണത്തിൻ്റെ സമയം ആയപ്പോൾ എൻ്റെ ഉമ്മയുടെ അടുത്ത് എനിക്കും കിടക്കണം എന്ന് പറഞ്ഞ് അദ്ദേഹം അങ്ങോട്ട് പോകുകയായിരുന്നു. അവിടെ എത്തി രണ്ടാം ദിവസം മരിച്ചു. മരണം കഴിഞ്ഞ് അവിടെ പോയപ്പോഴും അന്ന് നോക്കിയ അതേ നോട്ടം അവരെല്ലാരും എന്നെ നോക്കുന്നതായി എനിക്ക് ഫീൽ ചെയ്തു.അവരൊക്കെ ആ മരണം വലിയ ആശ്വാസമെന്ന രീതിയിൽ കളിച്ച് ചിരിച്ച് നടക്കുന്നു. കരയുകയായിരുന്ന എന്നെ നോക്കി അവരിൽ പലരും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു എന്ന് മോൻ പറഞ്ഞ് അറിഞ്ഞു. പിന്നെ ഏഴിന് പോകാതെ നിവർത്തി ഇല്ലാത്തത് കൊണ്ട് ഒരിക്കൽ കൂടെ അവിടെ പോകേണ്ടതായി വന്നു.തിരിച്ചിറങ്ങുമ്പോൾ ഒരു രൂപയുടെ ഒരു കോയിൻ ഞാനവിടെ തിരിച്ചു വച്ചു.കൂടെ ഒരു അഞ്ഞൂറ് രൂപയും… ഒരു രൂപ ഈ വീട്ടിൽ നിന്ന് എനിക്ക് തന്നിട്ടുണ്ട്. അതിൻ്റെ ഇപ്പോഴത്തെ മൂല്യം എത്രയാണെന്ന് എനിക്കറിയില്ല. ഇത് തിരിച്ചു തരണം എന്ന് എന്നൊ കരുതിയതാ. ഇപ്പോഴാണ് അവസരം കിട്ടിയത്.നിങ്ങൾ എനിക്കു തന്ന സക്കാത്ത് ഞാൻ തിരിച്ചു തന്നു എന്ന് കരുതിയാൽ മതി എന്നും പറഞ്ഞ് തിരിഞ്ഞു നോക്കാതെ ഒന്നും പറയാൻ അവസരം കൊടുക്കാതെ ഞാൻ വണ്ടിയിൽ കയറി .അവർ എന്തൊക്കെയോ പുറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല എനിക്ക്. ഉള്ളിൽ അതു വരെ കൊണ്ടു നടന്ന ഒരു ഭാരം ഇറക്കി വച്ച് മനസ്സ് ശാന്തമായതു പോലെയും, കുട്ടിയായ എന്നെ ഒരു രൂപ തന്ന് അപമാനിച്ച സഹോദരങ്ങൾ എന്നു പറയുന്നവരോടുള്ള വെറുപ്പ് നുരഞ്ഞു പൊങ്ങുന്ന അവസ്ഥയിലും എൻ്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു.
കോടി കണക്കിന് വരുന്ന സ്വത്തു വകകൾ എഴുതി വാങ്ങി സ്വന്തം ഉപ്പയെ തിരിഞ്ഞു നോക്കാത്ത അവരിലും സമ്പന്ന അന്ന് ഉള്ള മാല വിറ്റ് എൻ്റെ ഉപ്പയെ ചികിത്സിച്ച ഞാൻ തന്നെയാ.. അതു കൊണ്ടു തന്നെ ആ സക്കാത്ത് വാങ്ങാൻ അർഹത എനിക്കല്ല അവർക്കാണ്.സമ്പന്നത എന്നാൽ പുറം കാഴ്ച അല്ലെന്ന് പറഞ്ഞാൽ തിരിച്ചറിയാൻ ഉള്ള മാനസീക വളർച്ച അവർക്കില്ലാ എന്നത് കൊണ്ടു തന്നെ എനിക്കിപ്പോൾ പരാതി ഇല്ല.. കാരണം അവർക്കില്ലാത്ത ഒന്ന് എനിക്കെൻ്റെ ഉമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. വിദ്യാഭ്യാസം.. അതില്ലാത്തവർക്ക് ലോക പരിചയം എങ്കിലും വേണം. ഇതൊന്നും ഇല്ലാത്തവർക്ക് എന്തുണ്ടായിട്ടെന്താ കാര്യം. അവരോട് ഒക്കെ എന്ത് പറയാനാ?(Nooshiba KM 🦬)