വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ബെസ്റ്റ് സെല്ലെർ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങളെ’കുറിച്ച് മമ്മൂട്ടി നിസാമി തരുവണ വ്യത്യസ്തമായ കോണിലൂടെ വിലയിരുത്തുന്നു. മമ്മൂട്ടി നിസാമിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുസ്തകത്തെ അവലോകനം നടത്തിയത്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.
നിസാമിയുടെ എഫ്.ബി കുറിപ്പിന്റെ പൂർണ്ണരൂപം…
രാപ്പാർത്ത നഗരങ്ങൾ..ഹൃദ്യം മനോഹരം
…………………………………………………………….
സത്യത്തിൽ ജുനൈദ് കൈപ്പാണി അറിയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അത് പക്ഷെ എഫ്.ബി യിലൂടെയാണെന്ന് മാത്രം.
നേരിട്ട് കണ്ട് മിണ്ടിയത് ഇന്നാണ്. തരുവണ അഡ്വ.കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ മമ്മൂട്ടി മദനിയുടെ ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു അദ്ധേഹം.
ആരെയും ആകർഷിക്കുന്ന അദ്ധേഹത്തിന്റെ കുലീനമായ പെരുമാറ്റം കേട്ടറിഞ്ഞതിനേക്കാൾ ഉന്നതമായിരുന്നുവെന്നത് അംഗീകരിക്കാതെ തരമില്ല.
താങ്കൾ എഴുതിയ പുസ്തകം ഞാൻ കുറെ ദിവസമായി അന്വേഷിക്കുന്നുവെന്ന് പറയേണ്ട താമസം വാഹനത്തിൽ നിന്നും ഒരു കോപ്പി എനിക്കായി സമ്മാനിച്ചു.
വീട്ടിലെത്തി താൽപര്യപൂർവ്വം ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു. ‘രാപ്പാർത്ത നഗരങ്ങൾ’ആശയ സമ്പുഷ്ടവും ,ജ്ഞാന സമ്പന്നവുമാണെന്നതിൽ തർക്കമില്ല.
ഡൽഹിയിൽ നിന്ന് തുടങ്ങി ബോംബെ, ഭോപ്പാൽ, നാഗ്പൂർ, കൊങ്കൺ, ഔറംഗാബാദ്, ഫാറൂഖാബാദ്, ദൗലത്താബാദ്, പനാജി, വഴി എല്ലോറയിലേക്കെത്തുന്ന നഗര കഥകൾ വായനക്കാരെ ഗതകാല ഭാരത സംസ്കാരത്തിന്റെ യഥാർത്ഥ പരിപ്രേക്ഷ്യത്തിന് മുന്നിലെത്തിക്കും.
ദുഷ്ടലാക്കോടെ മഹത്തായ ഭാരത സംസ്കാരത്തെ അപര നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ തിരുത്ത് കൂടിയാണീ പുസ്തകം.
ബീഫിന്റെ പേരിൽ ഇന്ത്യയൊട്ടാകെ വിദ്വേഷക്കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകൾക്ക് നൂറ് ജൻമം കഴിഞ്ഞാലും ഈ രാജ്യത്തിന്റെ ഭോജന സംസ്കാരത്തിൽ മുടിയിഴ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് ഉത്തരേന്ത്യൻ നഗരങ്ങളിലെ ഭക്ഷണമെനു വായിക്കുന്നവർക്ക് ബോധ്യം വരും.
പശുവിന്റെ പേരിൽ കൊലവിളി നടത്തി അഖ്ലാഖടക്കമുള്ള എണ്ണമറ്റ പാവങ്ങളെ അടിച്ചു കൊന്ന കാട്ടാളരുടെ മൂക്കിന് മുന്നിൽ തന്നെ കാളയും, പോത്തും യഥേഷ്ടം കശാപ്പ് ചെയ്യപ്പെട്ട് നാവിൽ തേനൂറും രുചിക്കൂട്ടുമായി തീൻമേശകളിലെത്തുന്നുവെന്നതും ജാതി, മത ഭേദമന്യേ സകലരും അത് ഭോജിക്കുന്നുവെന്നതും ഇന്ത്യൻ സെക്യുലരസത്തിന്റെ തകർച്ചക്ക് കത്തി രാഗുന്നവർ വൃഥാ വ്യായാമത്തിലാണെന്നതിന്റെ ആശ്വാസ സൂചനകൾ തന്നെയാണ്.
മദ്റസ പുസ്തകങ്ങളിൽ ഏറ്റവും നീതിമാനും, സൂക്ഷ്മശാലിയുമായ ഇന്ത്യൻ ഭരണാധികാരിയായി പരിചയപ്പെടുത്തുന്ന മുഗൾ ചക്രവർത്തിയാണ് മഹാനായ ഔറംഗസീബ് (റ).
ഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശു പോലും പ്രതിഫലം പറ്റാതെ തൊപ്പി തുന്നി ഉപജീവനം നടത്തിയ ആ മഹാ ചക്രവർത്തി നീണ്ട 50 വർഷമാണ് ഇന്ത്യ ഭരിച്ചത്.
ആഡംബരം പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പിതാവിനാൽ സംഭവിച്ച സകല ദൂർത്തുകളും നിർത്തലാക്കി ഇന്ത്യൻ സമ്പദ്ഘടനയെ ലോകത്തെ ഉത്തുംഗതയിലെത്തിച്ച ഭരണാധികാരിയാണദ്ധേഹം.നാനൂറ്റി അൻപത് കോടി ഡോളറിന്റെ വാർഷിക ലാഭ പദ്ധതികളാണ് അദ്ധേഹം ആവിഷ്കരിച്ചിരുന്നത്. അന്നത്തെ ഫ്രാൻസിന്റെ വാർഷിക ലാഭത്തെക്കാൾ പത്തിരട്ടി വരുമത്.
തന്റെ പ്രധാനമന്ത്രിയടക്കം മന്ത്രിസഭയിലെ ധാരാളം മന്ത്രിമാർ രജപുത്രന്മാരായിരുന്നു. വർഗീയ കലാപങ്ങളോ ക്ഷേത്ര ദ്വംസനങ്ങളോ ആധികാരികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നിട്ടും ഔറംഗസീബ് ആലംഗീർ ഏറ്റവും ക്രൂരനായ ,മത ഭ്രാന്തനായ ഭരണാധികാരിയായിട്ടാണ് ഇന്ന് ഇന്ത്യൻ ജനത പരിചയപ്പെടുന്നത്.
അതിന്റെ സുവ്യക്തമായ കാരണങ്ങൾ വളരെ ഹൃദ്യമായി തന്നെ ഔറംഗാബാദിൽ രാപ്പാർത്ത ഗ്രന്ഥകാരൻ വരച്ചുകാണിച്ചിട്ടുണ്ട്.
ഇതൊരു തുടക്കം മാത്രമായി കാണുന്നു.
ആ തൂലിക ഇനിയും ഒരുപാട് ചലിക്കേണ്ടതുണ്ട്.
ചിലതൊക്കെ തിരുത്താനും, തിരുത്തിക്കാനും .
താങ്കൾക്കതിനു കഴിയും.
പ്രാർത്ഥനയോടെ കൂടെയുണ്ടാകും.
ഭാവുകങ്ങൾ.
കെ.മമ്മൂട്ടി നിസാമി തരുവണ