ലഖ്നൗ: ഗുജറാത്ത് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് എ.കെ ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം. യുപി ബിജെപി പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിങ് ഇദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഈയാഴ്ചയാണ് മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശര്‍മ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചത്. സൂക്ഷ്മ-ഇടത്തരം സംരഭ വകുപ്പില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.തെരഞ്ഞെടുപ്പ മുമ്പില്‍ക്കണ്ടുള്ള യോഗി മന്ത്രിസഭയിലെ പുനഃസംഘടനയില്‍ ശര്‍മയ്ക്ക് നിര്‍ണായക സ്ഥാനം ലഭിക്കുമെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍സി ടിക്കറ്റ് വഴി ഇദ്ദേഹത്തെ സഭയിലെത്തിക്കും. സംസ്ഥാനത്ത് 12 എംഎല്‍സി തസ്തികയിലേക്കാണ് ഈ മാസം 28ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ പത്രികാ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. 18നാണ് അവസാന തിയ്യതി. 12ല്‍ പത്തു സീറ്റും ബിജെപി ജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ശര്‍മ. ഗുജറാത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ബോര്‍ഡ് മേധാവിയായി ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ പിഎംഒയിലെ ജോയിന്റ് സെക്രട്ടറിയായി. 2017ല്‍ അഡീഷണല്‍ റാങ്കിലുള്ള സെക്രട്ടറിയായി മാറി.